ഖത്തറിൽ വേനൽച്ചൂട് കടുക്കുന്നു. അടുത്ത രണ്ടാഴ്ച രാജ്യത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് കർശന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. പലയിടങ്ങളിലും താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഈ സാഹചര്യത്തിൽ ഉച്ചസമയത്തെ പുറംജോലികൾക്കുള്ള വിലക്ക് ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് തൊഴിൽ മന്ത്രാലയവും അറിയിച്ചു.
വരും ദിവസങ്ങളിൽ ഖത്തറിൽ ചൂട് കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. താപനില 43 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനൊപ്പം അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും ചൂടിന്റെ തീവ്രത വർദ്ധിപ്പിക്കും. രാത്രിയിലും ചൂടിന് കാര്യമായ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്. കുട്ടികൾ, വയോധികർ, ആരോഗ്യപ്രശ്നമുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അതിനിടെ, കടുത്ത ചൂട് പരിഗണിച്ച് ഉച്ചസമയത്തെ പുറംജോലികൾക്കുള്ള നിയന്ത്രണം രാജ്യത്ത് കർശനമാക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതൽ വൈകിട്ട് 3:30 വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാൻ പാടില്ല. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഹീറ്റ് സ്ട്രോക്ക്, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ തൊഴിലാളികൾക്കിടയിൽ വിപുലമായ ബോധവത്ക്കരണവും ആരംഭിച്ചിട്ടുണ്ട്. സാധാരണയായി ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് ഗൾഫിൽ കടുത്ത ചൂട് അനുഭവപ്പെടാറുള്ളതെങ്കിലും, ഇത്തവണ കാലാവസ്ഥാ വ്യതിയാനം കാരണം ചൂടിന്റെ കാഠിന്യം കൂടുമെന്നാണ് ആശങ്ക.
Content Highlights: Qatar is witnessing severe heat conditions with temperatures reaching 43°C. Authorities have urged residents to follow safety guidelines and take precautions to avoid heat-related health issues.