വിസ കാലാവധി നീട്ടി നൽകുന്നത് അവസാനിപ്പിച്ച് ഖത്തർ; നിയമങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ്

നിലവിലുള്ള വിസയുടെ കാലാവധിക്ക് ശേഷം സാധാരണ വിസ കാലാവധിയും പുതുക്കൽ നിബന്ധനകളും നിശ്ചയിച്ചിട്ടുള്ള ഫീസുകളും വീണ്ടും ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു

കാലാവധി കഴിഞ്ഞതോ ഉടൻ അവസാനിക്കുന്നതോ ആയ എല്ലാത്തരം എൻട്രി വിസകൾക്കും അനുവദിച്ചിരുന്ന താൽക്കാലിക കാലാവധി നീട്ടി നൽകൽ അവസാനിപ്പിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം. 2026 ജൂൺ ഏഴ് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ പ്രാദേശിക സംഘർഷങ്ങൾ, വ്യോമപാത അടയ്ക്കൽ, വിമാന സർവീസുകൾ റദ്ദാക്കൽ എന്നിവ മുൻനിർത്തിയാണ് വിസ കാലാവധി നീട്ടിനൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

നിലവിലുള്ള വിസയുടെ കാലാവധിക്ക് ശേഷം സാധാരണ വിസ കാലാവധിയും പുതുക്കൽ നിബന്ധനകളും നിശ്ചയിച്ചിട്ടുള്ള ഫീസുകളും വീണ്ടും ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ വിസകൾ പുതുക്കുകയോ ആവശ്യമായ ഫീസ് അടയ്ക്കുകയോ അല്ലെങ്കിൽ വിസ കാലാവധി കഴിയുമ്പോൾ രാജ്യം വിടുകയോ ചെയ്ത് ഖത്തറിന്റെ നിയമങ്ങൾ പാലിക്കണമെന്ന് താമസക്കാരോടും സന്ദർശകരോടും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.

വിസ നിയമങ്ങൾ ലംഘിക്കുന്നത് ഖത്തറിലെ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നതിനുള്ള പിഴകൾ ഉൾപ്പെടെയുള്ള നിയമപരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Content Highlights: Qatar has ended the practice of extending visa validity periods and has warned residents and visitors to strictly follow immigration laws and visa regulations to avoid legal action.

To advertise here,contact us