ഖത്തറിലെ സമുദ്ര ഗതാഗത മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതോടെ രാജ്യത്തിന്റെ തീരങ്ങള്‍ സാധാരണ നിലയിലേക്ക് എത്തി. വരും ദിവസങ്ങളില്‍ ചരക്കുനീക്കം കൂടുതല്‍ വേഗത്തിലാകുന്നതോടെ രാജ്യത്തെ വ്യാപാര, ലോജിസ്റ്റിക്സ് മേഖലയും കൂടുതല്‍ സജീവമാകും.
ഇറാന്റെ ആക്രമണങ്ങള്‍ അവസാനിച്ചതോടെയാണ് സമുദ്ര ഗതാഗത മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. വാണിജ്യ കപ്പലുകള്‍ക്കും വിനോദ സഞ്ചാര ബോട്ടുകള്‍ക്കും മത്സ്യബന്ധന യാനങ്ങള്‍ക്കും കടലില്‍ സഞ്ചരിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയതോടെ സമുദ്ര ഗതാഗത മേഖല വീണ്ടും സജീവമായിക്കഴിഞ്ഞു. എന്നാല്‍ സുരക്ഷാ നടപടികളുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്.
വിനോദസഞ്ചാര ബോട്ടുകള്‍ക്കും ചില കപ്പലുകള്‍ക്കും രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഗതാഗതത്തിന് അനുമതി നല്‍കിയിരിക്കുന്നത്. അതിനിടെ മീന്‍പിടുത്ത ബോട്ടുകള്‍ക്ക് ഈ സമയപരിധി ബാധകമല്ല. ലൈസന്‍സുള്ള ബോട്ടുകള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഏത് സമയത്തും കടലില്‍ പോകാമെന്ന് ഉത്തരവില്‍ പറയുന്നു. കപ്പലുകളുടെ സമുദ്രക്ഷമത ഉറപ്പാക്കാനും കൃത്യമായ ആശയവിനിമയ സംവിധാനങ്ങള്‍ സജ്ജമാക്കാനും എല്ലാ ഓപ്പറേറ്റര്‍മാരും ബാധ്യസ്ഥരാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.
എല്ലാ കപ്പലുകളിലും ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, വിഎച്ച്എഫ് റേഡിയോ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. സമുദ്ര ഗതാഗതം പുനരാരംഭിച്ചതോടെ ഖത്തറിലെ വ്യാപാര-ലോജിസ്റ്റിക്സ് മേഖലയിലും ഉണര്‍വ് പ്രകടമായി തുടങ്ങി. വരും ദിവസങ്ങളില്‍ ചരക്ക് നീക്കം കൂടുതല്‍ സുഗമമാകുന്നതോടെ വിപണിയിലും അതിന്റെ പ്രതിഫലനം കാണാനാകും. സമുദ്ര സേവന നിരക്കുകളില്‍ അമിതമായ വര്‍ദ്ധനവിനെതിരെ ഗതാഗത മന്ത്രാലയം കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചൂഷണങ്ങള്‍ കണ്ടെത്തുന്നതിനായി നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Qatar has lifted restrictions in the maritime transport sector, leading to the resumption of cargo movement. This development is expected to boost trade and logistics activities in the region.