പരിസ്ഥിതി സംരക്ഷണം ലക്ഷ്യം; 70-ലധികം പ്രകൃതിദത്ത താഴ്വരകൾ സംരക്ഷിക്കാൻ നടപടിയുമായി ഖത്തർ

മേഖലകളിൽ ഡ്രോണുകൾ, ആകാശദൃശ്യങ്ങൾ, ജിഐഎസ് എന്നിവ ഉപയോഗിച്ച് നിയമലംഘനങ്ങൾ തത്സമയം നിരീക്ഷിക്കും.

മരുഭൂമിയിലെ വന്യജീവികളുടെ നിലനിൽപ്പിന് ആധാരമായ അതീവ ദുർബലമായ പ്രകൃതിദത്ത താഴ്ന്ന പ്രദേശങ്ങളാണ് 'റൗദ'കൾ. മനുഷ്യന്റെ കടന്നുകയറ്റം മൂലം നശിച്ചുകൊണ്ടിരിക്കുന്ന ഈ പരിസ്ഥിതിയെ സംരക്ഷിക്കാൻ നടപടിയുമായി ഖത്തർ. 70-ലധികം ഇടങ്ങളിൽ വേലികെട്ടിയും ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചുമാണ് റൗദ താഴ്വരകളെ സംരക്ഷിക്കാൻ ഖത്തർ തീരുമാനിച്ചിരിക്കുന്നത്.

ഓഫ്-റോഡ് വാഹനങ്ങൾ, അനധികൃത ക്യാമ്പിങ്, അമിതമായി കാലികളെ മേയിക്കൽ, നഗരവത്ക്കരണം എന്നിവ റൗദകൾക്ക് ഭീഷണിയാണെന്ന് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് ക്യാമ്പിങ് സീസണുകളിൽ സസ്യങ്ങൾ നശിപ്പിക്കുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും ക്യാമ്പ് ഫയറിനായി മണ്ണിൽ നേരിട്ട് തീയിടുന്നതും പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്നു.

സംരക്ഷണ നടപടികളുടെ ഭാ​ഗമായി രാജ്യത്തുടനീളമുള്ള ഏകദേശം 1,500 റൗദകളെ തിരിച്ചറിയുകയും അവയുടെ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഭൗമ വിവരശേഖരം തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഈ മേഖലകളിൽ ഡ്രോണുകൾ, ആകാശദൃശ്യങ്ങൾ, ജിഐഎസ് എന്നിവ ഉപയോഗിച്ച് നിയമലംഘനങ്ങൾ തത്സമയം നിരീക്ഷിക്കും.

ഈ പ്രദേശങ്ങളിൽ വനവൽക്കരണത്തിന്റെ ഭാ​ഗമായി 2025-ൽ സിദ്ർ, സമർ, ഗാഫ് തുടങ്ങിയ 14,600-ലധികം തദ്ദേശീയ തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവയുടെ വിത്തുകൾ ഭാവിയിലേക്കായി നാഷണൽ ജീൻ ബാങ്കിൽ സൂക്ഷിക്കുന്നുമുണ്ട്. ഈ മേഖലകളിൽ സസ്യങ്ങൾ വളരുന്നതിനായി ഒട്ടകങ്ങളെ മേയിക്കുന്നതിനുള്ള നിരോധനം രണ്ട് വർഷത്തേക്ക് കൂടി നീട്ടുകയും ചെയ്തു.

മേഖലയിൽ പരിസ്ഥിതി ഉദ്യോഗസ്ഥരും ആഭ്യന്തര സുരക്ഷാ സേനയും സംയുക്തമായി പരിശോധനകൾ നടത്തുന്നുണ്ട്. മണ്ണിൽ തീയിടുക, പ്ലാസ്റ്റിക് മാലിന്യം തള്ളുക, അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യുക, വിറകിനായി ചെടികൾ മുറിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.

ഖത്തറിന്റെ സ്വാഭാവിക പൈതൃകം സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും വേണ്ടിയുള്ള ഈ നീക്കങ്ങൾ 'ഖത്തർ നാഷണൽ വിഷൻ 2030'-ന്റെ ഭാഗമാണ്. വരും തലമുറയ്ക്കായി പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാൻ പൊതുജനങ്ങളും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: Qatar fences off 70 desert sites to protect ecosystems

To advertise here,contact us