ഇന്ധന അളവിൽ കൃത്രിമത്വം; ഒമാനിൽ 17 പെട്രോൾ പമ്പുകൾ അടപ്പിച്ച് അധികൃതർ

ഇന്ധന വിതരണത്തിലെ കൃത്യത ഉറപ്പുവരുത്താനും മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്.

നൽകുന്ന പണത്തിന് ആനുപാതികമായ അളവിൽ ഇന്ധനം നൽകതെ ഉപഭോക്താക്കളെ വഞ്ചിച്ച 17 പെട്രോൾ പമ്പുകൾ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം താൽക്കാലികമായി അടപ്പിച്ചു. ആദം മുതൽ ദോഫാർ വരെയുള്ള പ്രധാന പാതയിലെ 90 ഇന്ധന വിതരണ കേന്ദ്രങ്ങളിൽ മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിലാണ് ഇന്ധന അളവിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങൾ വെളിപ്പെട്ടത്.

ഓഗസ്റ്റ് ഒന്ന് മുതൽ 21 വരെയുള്ള ദിവസങ്ങളിലായി നടത്തിയ വ്യാപക പരിശോധനകളിൽ സാങ്കേതികവും പ്രവർത്തനപരവുമായ വൈകല്യങ്ങൾ ഉൾപ്പെടെ ആകെ 47 ലംഘനങ്ങളാണ് കണ്ടെത്തിയത്. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഇന്ധനത്തിന്റെ അളവിൽ കൃത്യതയില്ലാത്തതാണ് ഇതിൽ ഏറ്റവും ഗുരുതരമായ വിഷയം. സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി ഇൻസ്പെക്ഷൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥ ഷൈമ ബിൻത് ഖാമിസ് അൽ ബലൂഷിയാണ് മാധ്യമങ്ങളിലൂടെ ഈ വിവരങ്ങൾ സ്ഥിരീകരിച്ചത്.

ഗുണനിലവാരമില്ലാത്ത സേവനങ്ങളും ഉപഭോക്തൃ അവകാശ ധ്വംസനങ്ങളും തടയുന്നതിനായി പരിശോധനകൾ വരും ദിവസങ്ങളിലും ഊർജ്ജിതമായി തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ധന വിതരണത്തിലെ കൃത്യത ഉറപ്പുവരുത്താനും മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്.

Content Highlights: Oman has ordered the temporary closure of 17 petrol stations after inspections found that customers received less fuel than they paid for. Authorities also identified other operational violations.

To advertise here,contact us