സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഒമാൻ. സാധാരണക്കാർക്ക് ഭീഷണിയാകുന്ന ഇത്തരം നടപടികൾ മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജനവാസ കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.
സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും വിവേകത്തോടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു. കൂടാതെ സൗദി അറേബ്യയോടുള്ള പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഒമാൻ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പറയുകയും ചെയ്തു.
ഒക്ടോബർ ആറ്, ഏഴ് തീയതികളിലാണ് സൗദിയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ വിമാനത്താവളത്തിനും നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനത്താവളങ്ങൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
Content Highlights: Oman has condemned the incidents involving Abha and King Khalid international airports in Saudi Arabia, expressing solidarity with the Kingdom and calling for restraint to preserve regional stability.