വ്യോമപാതയിൽ അപ്രതീക്ഷിത പ്രതിസന്ധി: വിമാന സർവീസുകളുടെ സമയക്രമം മാറിയേക്കാമെന്ന് ഒമാൻ എയർ

വിമാന സമയത്തിൽ മാറ്റം വരുന്ന യാത്രക്കാരുമായി വാട്ട്‌സ്ആപ്പ്, ഇമെയിൽ അല്ലെങ്കിൽ എസ്എംഎസ് വഴി നേരിട്ട് അറിയിക്കും

പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് വ്യോമപാതയിലുണ്ടായ താത്കാലിക നിയന്ത്രണങ്ങളും അപ്രതീക്ഷിത പ്രതിസന്ധികളും കാരണം പല വിമാന സർവീസുകളും വൈകാൻ സാധ്യതയുണ്ടെന്ന് ഒമാൻ എയർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച പുറപ്പെടുവിച്ച യാത്രാ മാർഗ്ഗനിർദ്ദേശത്തിലാണ് ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ ഇക്കാര്യം അറിയിച്ചത്.

പ്രതിസന്ധി കാരണം പല വിമാനങ്ങളുടെയും സമയക്രമം മാറിയിട്ടുണ്ട്. യാത്രാ തടസ്സങ്ങൾ പരമാവധി കുറയ്ക്കാനും സർവീസുകൾ തടസ്സമില്ലാതെ തുടരാനും പ്രവർത്തനം സാധാരണ നിലയിലാക്കാനും ഓപ്പറേഷൻസ് ടീം 24 മണിക്കൂറും പ്രവർത്തിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ഏതൊക്കെ റൂട്ടുകളെയാണ് ഇത് പ്രധാനമായും ബാധിച്ചതെന്നോ സർവീസുകൾ എപ്പോൾ പുനഃസ്ഥാപിക്കപ്പെടുമെന്നോ ഉള്ള വിശദാംശങ്ങൾ വിമാനക്കമ്പനി വ്യക്തമാക്കിയിട്ടില്ല.

വിമാന സമയത്തിൽ മാറ്റം വരുന്ന യാത്രക്കാരുമായി വാട്ട്‌സ്ആപ്പ്, ഇമെയിൽ അല്ലെങ്കിൽ എസ്എംഎസ് വഴി നേരിട്ട് അറിയിക്കും. ബുക്കിംഗ് സമയത്ത് നൽകിയ വിവരങ്ങൾ കൃത്യമാണെന്ന് യാത്രക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്. ബദൽ മാർഗ്ഗങ്ങൾ ലഭ്യമാണെങ്കിൽ, യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ മറ്റ് വിമാനക്കമ്പനികളുടെ സർവീസുകളിൽ ടിക്കറ്റ് നൽകാനുള്ള നടപടികളും സ്വീകരിക്കും.

വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് യാത്രക്കാർ തങ്ങളുടെ ഫോൺ നമ്പറും ഇമെയിലും കൃത്യമാണോ എന്ന് പരിശോധിക്കണമെന്നും, ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്നും കമ്പനി നിർദ്ദേശിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ഒമാൻ എയർ, നിലവിലെ സാഹചര്യത്തിൽ യാത്രക്കാരുടെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.

Content Highlights: Oman Air has informed passengers that flight timings may be revised due to an unexpected disruption in airspace operations. Travellers have been advised to check the latest updates before departure.

To advertise here,contact us