തണുപ്പുള്ള കാറ്റും കുന്നിൻചരിവുകളെ പുതയ്ക്കുന്ന പച്ചപ്പുമായി ഒമാനിലെ സലാലയിൽ ഖരീഫ് കാലം വിരുന്നെത്തിയിരിക്കുകയാണ്. ഈ മനോഹരമായ കാലാവസ്ഥയിൽ, ദോഫാർ മലനിരകൾ വിളയിച്ചെടുത്ത ഏറ്റവും പരിശുദ്ധമായ തേനും മഞ്ഞളുമായി ഒരുകൂട്ടം കർഷകർ സലാലയിൽ ഒന്നിക്കുകയാണ്. ദോഫാർ ഗവർണറേറ്റ് കാർഷിക-ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒമാനി തേൻ-മഞ്ഞൾ പ്രദർശനം ഇപ്പോൾ നാടിന്റെ തന്നെ മനോഹരമായൊരു ആഘോഷമായി മാറിയിരിക്കുന്നു.
ഓഗസ്റ്റ് 31 വരെ നീളുന്ന ഈ പ്രദർശനം കേവലമൊരു വിപണിയല്ല, മറിച്ച് തലമുറകളായി ഗ്രാമീണ കുടുംബങ്ങൾ കാത്തുസൂക്ഷിക്കുന്ന അധ്വാനത്തിന്റെ വിളവെടുപ്പാണ്. ദോഫാറിലെ മലനിരകളിൽ നിന്ന് ശേഖരിച്ച അപൂർവ്വ ഇനം തേനുകളും ഖരീഫിന്റെ കുളിർമയിൽ മണ്ണിൽ പൊന്നുപോലെ വിളഞ്ഞ മഞ്ഞളും ഈ എക്സിബിഷനെ സമ്പന്നമാക്കുന്നു.
എൺപതുകളുടെ തുടക്കത്തിലാണ് ഒമാൻ മന്ത്രാലയം തേനീച്ച കർഷകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്ക് തുടക്കമിട്ടത്. കൃത്യമായ പരിശീലനവും ശ്രദ്ധയും നൽകിയതോടെ ഇന്ന് പ്രതിവർഷം 50 ടണ്ണോളം പ്രകൃതിദത്ത തേനാണ് ഈ നാട്ടിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. തുടർച്ചയായ നാലാം വർഷമാണ് ഈ പ്രദർശനം സന്ദർശകർക്കായി വാതിൽ തുറക്കുന്നത്.
മഴയേറ്റ് കുതിർന്ന മലയോരങ്ങളിൽ വിരിയുന്ന മഞ്ഞൾ കൃഷി ഇന്ന് ഒമാന്റെ പരമ്പരാഗത ഭക്ഷ്യ സംസ്കരണ മേഖലയിലെ പ്രധാന പങ്കാളിയാണ്. കർഷക കുടുംബങ്ങൾക്ക് തങ്ങളുടെ ഉത്പന്നങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാനും അതിലൂടെ സ്വയംപര്യാപ്തത നേടാനും ഈ കൂട്ടായ്മ വലിയ കരുത്തേകുന്നു. സലാലയുടെ കുളിർമ തേടിയെത്തുന്ന സഞ്ചാരികൾക്ക് ഒമാന്റെ തനിമയും മണ്ണിന്റെ മണവും തൊട്ടറിയാനുള്ള അപൂർവ്വ അവസരം കൂടിയാണ് കർഷകർക്ക് ഈ പ്രദർശന സമയം.
Content Highlights: Farmers from across Oman have gathered in Salalah for the Honey and Turmeric Festival. The event aims to support food security, showcase local products, and create better marketing opportunities for agricultural producers.