ഒമാനിൽ പണപ്പെരുപ്പ നിരക്കിൽ പ്രകടമായ വർദ്ധനവ് രേഖപ്പെടുത്തി. ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2026 ജൂണിൽ രാജ്യത്തെ പൊതു പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായി ഉയർന്നു. വിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഗതാഗത-ഹോട്ടൽ നിരക്കുകളിലെ വർദ്ധനവുമാണ് വിപണിയെയും സാധാരണക്കാരെയും പ്രധാനമായി സ്വാധീനിച്ചത്.
ഉപഭോക്തൃ വില സൂചിക പ്രകാരം ഇത്തവണ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഭക്ഷ്യ മേഖലയിലാണ്. ഭക്ഷ്യവസ്തുക്കൾക്കും ലഹരിയില്ലാത്ത പാനീയങ്ങൾക്കും 6.1 ശതമാനത്തിന്റെ വലിയ വാർഷിക വിലവർദ്ധനവാണ് രേഖപ്പെടുത്തിയത്. വിവിധ സേവനങ്ങൾക്ക് 5.7 ശതമാനവും, ഗതാഗത മേഖലയിൽ 5.5 ശതമാനവും റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവടങ്ങളിൽ 4.6 ശതമാനവും നിരക്കുകൾ വർദ്ധിച്ചു. വിദ്യാഭ്യാസത്തിന് 2.2 ശതമാനവും ആരോഗ്യ മേഖലയ്ക്ക് 1.8 ശതമാനവും ചിലവേറിയപ്പോൾ, വസ്ത്രങ്ങൾ (ടെക്സ്റ്റൈൽ), കമ്മ്യൂണിക്കേഷൻ രംഗം എന്നിവയിൽ മാറ്റങ്ങളൊന്നും പ്രകടമായില്ല. എന്നാൽ ഭവനം, ജലം, വൈദ്യുതി, ഇന്ധനം എന്നിവയുടെ വിലയിൽ 0.6 ശതമാനത്തിന്റെ കുറവുണ്ടായത് നേരിയ ആശ്വാസമായി.
വിവിധ ഗവർണറേറ്റുകളിലെ കണക്കുകൾ പരിശോധിച്ചാൽ പണപ്പെരുപ്പത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് അൽ ദാഹിറയാണ്. 3.5 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയ നിരക്ക്. തലസ്ഥാനമായ മസ്കറ്റിൽ 3.2 ശതമാനവും ദഖിലിയയിൽ 3.1 ശതമാനവും പണപ്പെരുപ്പം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുസന്ദം, സൗത്ത് അൽ ബത്തിന എന്നിവിടങ്ങളിൽ 2.4 ശതമാനവും, ദോഫാറിൽ 2.2 ശതമാനവുമാണ് നിരക്കുകൾ. അതേസമയം രാജ്യത്ത് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയത് നോർത്ത് അൽ ഷർഖിയയിലാണ് (1.9 ശതമാനം).
ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഭക്ഷ്യവിഭാഗത്തിൽ പച്ചക്കറികൾ, മാംസം, പാൽ, മുട്ട, പഞ്ചസാര, ധാന്യങ്ങൾ, പാചക എണ്ണ എന്നിവയ്ക്കാണ് വിപണിയിൽ വലിയ രീതിയിൽ വില കൂടിയത്. എന്നാൽ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന ഒരേയൊരു ഘടകം മത്സ്യവിലയാണ്. മുൻവർഷത്തെ അപേക്ഷിച്ച് വിപണിയിൽ മത്സ്യ വിലയിൽ 1.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Oman is witnessing a rise in inflation, driven by higher prices for food and transportation. The increase is expected to impact household budgets and the overall cost of living across the Sultanate.