ബഹ്റൈന് നേരെയും കുവൈറ്റിന് നേരെയും ഇറാൻ നടത്തിയ ആക്രമണങ്ങളെ ഒമാൻ അപലപിച്ചു. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്ന എല്ലാ സൈനിക നടപടികളെയും പ്രത്യേകിച്ച് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുമാകുന്നതുമായ എല്ലാ സൈനിക നടപടികളെയും ശക്തമായി പ്രതിഷേധിക്കുന്നതായി ഒമാൻ അറിയിച്ചു.
ബഹ്റൈനും കുവൈറ്റിനും ഒമാൻ പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഇരുരാജ്യങ്ങളുടെയും സുരക്ഷ, സ്ഥിരത, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിന് അവർ സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുമെന്നും വിദേശകാര്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇരു രാജ്യങ്ങൾക്കും ഒമാൻ പൂർണ്ണ ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
സംയമനം പാലിക്കുക, സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കുക, പ്രതിസന്ധികളും തർക്കങ്ങളും പരിഹരിക്കുന്നതിന് സംഭാഷണങ്ങളും നയതന്ത്ര മാർഗങ്ങളും അവലംബിക്കുക എന്നിവയ്ക്കുള്ള ആഹ്വാനം ഒമാൻ സുൽത്താനേറ്റ് ആവർത്തിച്ചു. അതുവഴി പ്രാദേശിക സുരക്ഷയും സ്ഥിരതയും ഏകീകരിക്കുന്നതിനും മേഖലയിൽ കൂടുതൽ പിരിമുറുക്കവും പ്രതികൂല പ്രത്യാഘാതങ്ങളും ഒഴിവാക്കുന്നതിനും ഇത് സഹായകമാകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചത്. കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ കൊല്ലപ്പെടുകയും ചെയ്തു.
Content Highlights: Oman has issued a strong condemnation of reported attacks linked to Iran targeting Bahrain and Kuwait. The statement urges restraint and emphasizes the need to maintain peace and stability in the Gulf region.