കുവൈറ്റിൽ 20 ലക്ഷം ദിനാറിന്റെ ഓൺലൈൻ-ഫോൺ തട്ടിപ്പ്: അന്താരാഷ്ട്ര സംഘത്തിലെ പ്രധാനി പിടിയിൽ

തട്ടിപ്പിനായി കടത്തിക്കൊണ്ടുവന്ന സിം കാർഡുകളുടെ പാഴ്സൽ കൈപ്പറ്റുന്നതിനിടെയാണ് പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്

arrest representative image

ഗൾഫ് രാജ്യങ്ങളിലുടനീളം വ്യാജ പരസ്യങ്ങളിലൂടെയും ഫോൺ കോളുകളിലൂടെയും വൻതോതിൽ പണം തട്ടിയ അന്താരാഷ്ട്ര സംഘത്തിലെ പ്രധാന പ്രതിയെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. യുഎഇ സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതി പിടിയിലായത്. ഇത്തരം ഓൺലൈൻ, ഫോൺ തട്ടിപ്പുകളിലൂടെ കുവൈറ്റിൽ മാത്രം ഈ വർഷം 20 ലക്ഷം ദിനാറിന്റെ നഷ്ടമുണ്ടായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റിന് പുറത്തുള്ള കേന്ദ്രങ്ങൾ വഴിയാണ് ഈ തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നത്. ഒരേസമയം നിരവധി സിം കാർഡുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന പ്രത്യേക ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വിദേശത്തിരുന്ന് വിളിക്കുമ്പോഴും ഗൾഫ് രാജ്യങ്ങളിലെ പ്രാദേശിക നമ്പറുകളിൽ നിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിച്ചാണ് ഇവർ ആളുകളെ വലയിലാക്കിയിരുന്നത്.

തട്ടിപ്പിനായി കടത്തിക്കൊണ്ടുവന്ന സിം കാർഡുകളുടെ പാഴ്സൽ കൈപ്പറ്റുന്നതിനിടെയാണ് പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളിൽ നിന്ന് 70 കുവൈറ്റ് സിം കാർഡുകളും അഞ്ച് യുഎഇ സിം കാർഡുകളും സിം കാർഡുകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന രണ്ട് പ്രത്യേക ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

ഈ വർഷം മാത്രം സമാനമായ രീതിയിലുള്ള 3,394 തട്ടിപ്പ് പരാതികളാണ് കുവൈറ്റ് പൊലീസിന്റെ അമാൻ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചത്. ഇതിൽ 1,70,000 ദിർഹം അധികൃതർ തിരിച്ചുപിടിച്ചു. കൂടാതെ, തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ 2,712 കേസുകളിലായി ഏകദേശം രണ്ട് കോടി ഇരുപത് ലക്ഷം ദിർഹം നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മറ്റ് രാജ്യങ്ങളുമായി ചേർന്ന് ശക്തമായ നടപടികൾ തുടരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആർക്കെങ്കിലും പണം കൈമാറുന്നതിന് മുൻപ് പരസ്യങ്ങളുടെ വിശ്വാസ്യതയും വിളിക്കുന്നവരുടെ വിവരങ്ങളും കൃത്യമായി പരിശോധിക്കണമെന്നും സംശയാസ്പദമായ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Content Highlights: Kuwaiti authorities have arrested a suspect linked to an international fraud network targeting victims across Gulf countries through fake advertisements and fraudulent phone calls. The operation was carried out in coordination with UAE security authorities.

To advertise here,contact us