വിദ്യാർത്ഥികൾക്ക് ശ്വാസതടസ്സം; സ്കൂൾ അഡ്മിനിസ്ട്രേഷനെ സസ്പെൻഡ് ചെയ്ത് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി

നിലവിലെ സ്കൂൾ അഡ്മിനിസ്ട്രേഷനെ മൂന്ന് മാസത്തേക്ക് ജോലിയിൽ നിന്നും മാറ്റി നിർത്തുന്നതിനൊപ്പം പുതിയ ഭരണ സമിതിക്ക് സ്കൂളിന്റെ ചുമതല നൽകാനും വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു

കുവെെറ്റിൽ സെക്കൻഡറി സ്കൂളുകളിൽ നിരവധി വിദ്യാർത്ഥികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ട സംഭവത്തിൽ സ്കൂൾ അഡ്മിനിസ്ട്രേഷനെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ട് കുവെെറ്റ് വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബായി. സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സംഭവത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനും സ്കൂൾ അന്തരീക്ഷത്തിൻ സുരക്ഷിതത്വം നിലനിർത്താനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന നടപടികളുടെ ഭാ​ഗമായാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സംഭവത്തിന് പിന്നാലെ മന്ത്രി നേരിട്ടെത്തി അസ്വസ്ഥത നേരിട്ട വിദ്യാർത്ഥികളെ സന്ദർശിക്കുകയും ആരോ​ഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്തു. കൂടാതെ അവർക്ക് ആവശ്യമായ എല്ലാ വെെ​ദ്യ സഹായങ്ങളും ഉറപ്പാക്കുകയും കുട്ടികൾ വേ​ഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ആരോ​ഗ്യത്തിനും സുരക്ഷയ്ക്കുമാണ് മന്ത്രാലയം മുൻ​ഗണന നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിലെ സ്കൂൾ അഡ്മിനിസ്ട്രേഷനെ മൂന്ന് മാസത്തേക്ക് ജോലിയിൽ നിന്നും മാറ്റി നിർത്തുന്നതിനൊപ്പം പുതിയ ഭരണ സമിതിക്ക് സ്കൂളിന്റെ ചുമതല നൽകാനും മന്ത്രി ഉത്തരവിട്ടു. അന്വേഷണ കാലയളവിൽ സ്കൂളിന്റെ ദെെനംദിന പ്രവർത്തനങ്ങൾ സു​ഗമമായി നടക്കാനും അധ്യയന പ്രക്രിയ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പുതിയ സമിതി മേൽനോട്ടം വഹിക്കും. സംഭവത്തെക്കുറിച്ചുള്ള കാരണം കണ്ടെത്തുന്നതുവരെ സ്കൂളിലെ അന്തരീക്ഷം ശാന്തമായിരിക്കാനും പഠനപ്രവർത്തനങ്ങൾ സാധാരണ നിലയിൽ മുന്നോട്ടുകൊണ്ടുപോകാനുമാണ് ഈ അടിയന്തര നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.

Content Highlights: Kuwait’s Education Minister suspended a school administration for three months following an incident involving students who experienced breathing difficulties, pending investigation.

To advertise here,contact us