കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കണമെന്ന രീതിയിൽ വ്യാജ വ്യാജസന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ വാഹന ഉടമകൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. എസ്എംഎസ് (SMS) വഴിയും സോഷ്യൽ മീഡിയ വഴിയും ലഭിക്കുന്ന ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഔദ്യോഗികമല്ലാത്ത വെബ്സൈറ്റുകളിൽ ബാങ്ക് വിവരങ്ങൾ നൽകരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
സ്പീഡ് റഡാറുകളിൽ നിയമലംഘനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും 48 മണിക്കൂറിനുള്ളിൽ പിഴ ഒടുക്കിയില്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയോ കനത്ത തുക പിഴ ഈടാക്കുകയോ ചെയ്യുമെന്നാണ് സന്ദേശങ്ങളിലെ ഭീഷണി. പെട്ടെന്നുള്ള പരിഭ്രാന്തിയിൽ ആളുകൾ ലിങ്കുകളിൽ കയറി പണമടയ്ക്കാൻ ശ്രമിക്കുന്നതോടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം ചോരുന്നതാണ് ഈ തട്ടിപ്പ് രീതി.
ഇത്തരം സന്ദേശങ്ങൾക്ക് മന്ത്രാലയവുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ട്രാഫിക് പിഴകൾ അറിയുന്നതിനും അടയ്ക്കുന്നതിനുമായി 'സഹേൽ' (Sahel) ആപ്ലിക്കേഷനോ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റോ (moi.gov.kw) മാത്രമേ ഉപയോഗിക്കാവൂ. സംശയാസ്പദമായ രീതിയിൽ എത്തുന്ന ലിങ്കുകളിൽ വ്യക്തിഗത വിവരങ്ങളോ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് വിവരങ്ങളോ നൽകി വഞ്ചിക്കപ്പെടരുതെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
Content Highlights: Kuwait’s Interior Ministry has warned vehicle owners about online scams linked to traffic fines. Authorities urged the public to remain cautious, verify messages and avoid making payments through suspicious links or requests.