കുവൈറ്റിൽ സന്ദർശക വിസകൾ സാധാരണ റെസിഡൻസ് പെർമിറ്റുകളാക്കി മാറ്റുന്നതിന് 150 കുവൈത്തി ദീനാർ (ഏകദേശം 40,000-ത്തോളം ഇന്ത്യൻ രൂപ) ഫീസ് ഏർപ്പെടുത്തി അധികൃതർ. കുടുംബങ്ങളെ ഒപ്പം താമസിപ്പിക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെയും പുതിയ ജീവനക്കാരെ വിസിറ്റ് വിസയിൽ കൊണ്ടുവന്ന് ജോബ് വിസയിലേക്ക് മാറ്റാൻ ശ്രമിക്കുന്ന തൊഴിലുടമകളുടെയും സാമ്പത്തിക ഭാരം ഉയരാൻ പുതിയ തീരുമാനം കാരണമാകും.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഭേദഗതി ഔദ്യോഗിക ഗസറ്റായ 'കുവൈറ്റ് അൽയൂമിൽ' പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിൽ വന്നു. വിസിറ്റ് വിസ റെസിഡൻസ് വിസയാക്കി മാറ്റാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും അപേക്ഷയോടൊപ്പം 150 ദീനാർ കൂടി അധികമായി അടയ്ക്കേണ്ടി വരും. കുടുംബ വിസ നടപടികൾ ചെലവേറിയതാകുന്നതോടെ പല സാധാരണക്കാരായ പ്രവാസികൾക്കും പങ്കാളിയെയോ മക്കളെയോ കുവൈറ്റിലേക്ക് കൊണ്ടുവരുന്നത് കൂടുതൽ ബുദ്ധിമുട്ടാകും.
അതേസമയം, പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന ഒരു ഇളവും പുതിയ ഉത്തരവിലുണ്ട്. ഗാർഹിക തൊഴിലാളികളെയും ആ ഗണത്തിൽപ്പെടുന്ന ജീവനക്കാരെയും ഈ 150 ദീനാർ ഫീസിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ താമസ നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കുവൈറ്റ് ഭരണകൂടത്തിന്റെ ഈ നടപടിയെങ്കിലും സാധാരണ പ്രവാസികളുടെ പ്രതിമാസ ബജറ്റിനെ ഇത് സാരമായി ബാധിക്കും.
Content Highlights: Expatriates in Kuwait will face additional costs as a fee is now required to convert visit visas into residency permits. The move is expected to impact those applying for residency after entering the country on visit visas.