കുവൈറ്റിലേക്കും തിരിച്ചുമുള്ള വിദേശ വിമാന സർവീസുകൾ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള നിരവധി പ്രമുഖ വിമാന കമ്പനികൾ സർവീസുകൾ റദ്ദാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലിയ ആശങ്കയിലാണ്. പശ്ചിമേഷ്യയിൽ സുരക്ഷാ സാഹചര്യം വീണ്ടും വഷളാകുന്നതാണ് സർവീസുകളെ ബാധിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുവൈറ്റിലേക്കും തിരിച്ചുമുള്ള നിരവധി അന്താരാഷ്ട്ര വിമാന സർവീസുകളാണ് റദ്ദാക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്തത്. കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഏക നേരിട്ടുള്ള സർവീസായ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഇന്നത്തെ വിമാനവും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തന നിയന്ത്രണങ്ങളാണ് സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് കമ്പനി യാത്രക്കാരെ അറിയിച്ചിട്ടുള്ളത്.
ഇതിനുപുറമെ മറ്റ് നിരവധി വിദേശ വിമാന കമ്പനികളും കുവൈത്തിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ സർവീസുകളുടെ എണ്ണം കാര്യമായി കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, കുവൈറ്റിന്റെ ദേശീയ വിമാന കമ്പനികളായ കുവൈറ്റ് എയർവേയ്സും ജസീറ എയർവേയ്സും നിലവിൽ സാധാരണ ഷെഡ്യൂൾ പ്രകാരം തന്നെ സർവീസുകൾ തുടരുന്നുണ്ട്. പശ്ചിമേഷ്യൻ മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നടപടിയുടെ ഭാഗമായാണ് വിദേശ വിമാന കമ്പനികൾ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളുടെ വ്യോമപാതകൾ വരും ദിവസങ്ങളിൽ അടയ്ക്കപ്പെടാൻ സാധ്യതയുണ്ടെന്ന് യു.എസ്. അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തങ്ങളുടെ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തണമെന്നും അവർ നിർദ്ദേശിച്ചു. വിമാന സർവീസുകൾ അനിശ്ചിതത്വത്തിലായതോടെ നാട്ടിലേക്ക് പോകാനും തിരികെ ജോലിസ്ഥലങ്ങളിലേക്ക് എത്താനും ടിക്കറ്റെടുത്ത നൂറുകണക്കിന് പ്രവാസികളാണ് ദുരിതത്തിലായിരിക്കുന്നത്.
Content Highlights: Kuwait flight services are once again facing uncertainty due to operational developments. Passengers have been advised to stay updated with their airlines, check flight schedules before travelling, and follow official travel advisories to avoid inconvenience.