കുവൈറ്റിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ സാമ്പത്തിക ഇടപാടുകളിൽ കർശന നിയന്ത്രണങ്ങളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യസ്ഥാപനങ്ങളിൽ 10 കുവൈത്തി ദിനാറിൽ കൂടുതലുള്ള ചികിത്സാ ഫീസുകൾ ഇനി മുതൽ പണമായി സ്വീകരിക്കാൻ പാടില്ല. ഇതിൽ കൂടുതലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്കിങ് ചാനലുകൾ വഴിയോ അല്ലെങ്കിൽ ഡിജിറ്റൽ-ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളിലൂടെയോ മാത്രമേ നടത്താവൂ എന്നാണ് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം.
ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഹോം ഹെൽത്ത് കെയർ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്. ഒരൊറ്റ ഇടപാടിലോ അല്ലെങ്കിൽ വിവിധ സേവനഫീസുകൾ ചേർത്തോ 10 കുവൈറ്റ് ദിനാറിൽ കൂടുതൽ തുക വരികയാണെങ്കിൽ അത് പണമായി ഈടാക്കാൻ ഇനി ഒട്ടും അനുമതിയില്ല. ഇത്തരം നിരക്കുകളെല്ലാം കുവൈറ്റ് സെൻട്രൽ ബാങ്ക് അംഗീകരിച്ചിട്ടുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി തന്നെ സ്വീകരിക്കണം.
സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, ധനകാര്യ ക്രമീകരണങ്ങൾ ശക്തമാക്കുക, ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് വാണിജ്യ-വ്യവസായ മന്ത്രാലയം ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. വിപണിയിലെ കള്ളപ്പണ ഇടപാടുകളും നികുതി വെട്ടിപ്പുകളും തടയാനും ഈ ഡിജിറ്റൽവത്ക്കരണം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അതീവ ഗുരുതരമായ നടപടികളായിരിക്കും ഉണ്ടാകുക. ചട്ടങ്ങൾ പാലിക്കാത്ത ആരോഗ്യസ്ഥാപനങ്ങൾ അടിയന്തരമായി അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കർശനമായ ശിക്ഷാനടപടികൾ നേരിടേണ്ടി വരും. കൂടാതെ, നിയമലംഘനത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തുടർനടപടികൾക്കായി അന്വേഷണ ഏജൻസികൾക്ക് കൈമാറുമെന്നും മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: Kuwaiti authorities have issued new regulations for private hospitals, prohibiting cash payments exceeding 10 dinars. The measure aims to encourage electronic payments, improve financial transparency, and strengthen regulatory oversight in the healthcare sector.