വേനൽക്കാല ഉച്ചവിശ്രമ നിയമം ലംഘിച്ചു; വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി കുവൈറ്റ്

കടുത്ത വേനൽച്ചൂടിൽ നിന്ന് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കുവൈറ്റിൽ വേനൽക്കാല ഉച്ചവിശ്രമ നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. തുറസ്സായ സ്ഥലങ്ങളിലെ ജോലി സമയത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി അൽ-മുത്‌ല മേഖലയിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയത്.

അൽ-മുത്‌ല മേഖലയിൽ നടത്തിയ വ്യാപക പരിശോധനയിലാണ് നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. ഏഴ് തൊഴിലിടങ്ങളിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 23 നോട്ടീസുകളാണ് അധികൃതർ നൽകിയത്. പരിശോധനയ്ക്കിടെ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 20 ലംഘിച്ച് ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികളെയും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇവർക്കെതിരെയും നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് കുവൈറ്റിൽ നിരോധിച്ചിരിക്കുകയാണ്. കടുത്ത വേനൽച്ചൂടിൽ നിന്ന് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നത് തൊഴിലുടമകളുടെ സാമൂഹികവും മാനുഷികവുമായ ഉത്തരവാദിത്തമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. വേനൽക്കാലം മുഴുവൻ പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.

Content Highlights: Kuwait has penalized multiple establishments for breaching the summer midday work ban. The regulation is enforced to safeguard workers from harsh heat conditions during peak summer hours, and inspections are being intensified.

To advertise here,contact us