റോഡ് സുരക്ഷ വർദ്ധിപ്പിക്കുക ലക്ഷ്യം; ​ഗതാ​ഗത നിയമലംഘനങ്ങൾക്ക് കടുത്ത നടപടിയുണ്ടാകുമെന്ന് കുവൈറ്റ്

കുവൈറ്റിൽ അശ്രദ്ധമായ ഡ്രൈവിംഗിനും അമിതവേഗതയ്ക്കും ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കടുത്ത നിലപാടിലാണ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റിൽ ഗതാഗത നിയമലംഘകർക്കെതിരെ കടുത്ത നടപടികളുമായി ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വേഗപരിധി ലംഘിക്കുന്ന പ്രവാസികളെ നാടുകടത്താനും പൗരന്മാർക്ക് തടവുശിക്ഷ നൽകാനും ഉൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറിൽ 150, 170, 200 കിലോമീറ്റർ വേഗതകളുടെ അടിസ്ഥാനത്തിലാണ് പുതിയ ശിക്ഷാനടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കുവൈറ്റിൽ അശ്രദ്ധമായ ഡ്രൈവിംഗിനും അമിതവേഗതയ്ക്കും ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കടുത്ത നിലപാടിലാണ് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ പ്രവാസികളെ സംബന്ധിച്ച് പുതിയ നിയമങ്ങൾ അതീവ ഗുരുതരമാണ്. മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനമോടിക്കുന്ന പ്രവാസികളെ പിടികൂടിയാൽ ഗതാഗത നിയമലംഘനത്തിന് കേസെടുക്കുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. എന്നാൽ വേഗത 170 കിലോമീറ്ററോ, അല്ലെങ്കിൽ 200 കിലോമീറ്ററോ കടന്നാൽ വാഹനം കണ്ടുകെട്ടുന്നതിനൊപ്പം പ്രവാസികളെ കുവൈത്തിൽ നിന്ന് നേരിട്ട് നാടുകടത്താനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഗൾഫ് രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്ക് നാടുകടത്തലാണെങ്കിൽ, കുവൈറ്റ് പൗരന്മാർക്ക് തടവ് ശിക്ഷ ഉൾപ്പെടെയുള്ള നിയമനടപടികളാണ് കാത്തിരിക്കുന്നത്. സ്വദേശി പൗരന്മാർ 150 കിലോമീറ്ററിലധികം വേഗതയിലെടുത്താൽ വാഹനം കണ്ടുകെട്ടും. വേഗത 170 കിലോമീറ്റർ കടന്നാൽ നിയമനടപടികൾ പൂർത്തിയാകുന്നതുവരെ ഇവരെ തടങ്കലിൽ വെയ്ക്കും. ഇനി വേഗത 200 കിലോമീറ്ററിന് മുകളിലാണെങ്കിൽ കടുത്ത ഗതാഗത നിയമലംഘനത്തിന് കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുക്കുകയും പൗരന്മാരെ നേരിട്ട് ജയിൽ ശിക്ഷയ്ക്കായി കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്യും.

റോഡുകളുടെ തരം തിരിച്ചാണ് കുവൈത്തിൽ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. എക്സ്പ്രസ് വേകളിലും അതിർത്തി റോഡുകളിലും പരമാവധി വേഗത 120 കിലോമീറ്ററാണ്. റിംഗ് റോഡുകളിൽ ഇത് 80 മുതൽ 100 കിലോമീറ്റർ വരെയും, പ്രധാന നഗര-പ്രാന്ത റോഡുകളിൽ 60 കിലോമീറ്ററുമാണ്. താമസമേഖലകളിൽ വേഗത 45 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഹെവി വാഹനങ്ങൾക്കും ട്രക്കുകൾക്കും 40 മുതൽ 80 കിലോമീറ്റർ വരെയാണ് വേഗത അനുവദിച്ചിട്ടുള്ളത്. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കാൻ വാഹനമോടിക്കുന്നവർ വേഗപരിധി കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

Content Highlights: Kuwait authorities have intensified road safety measures and warned of strict penalties for traffic rule violations. The initiative aims to reduce accidents and ensure better compliance with traffic regulations.

To advertise here,contact us