കുവൈറ്റിലെ റോഡുകളിൽ വാഹനങ്ങളുടെ വേഗത പരിധി ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമങ്ങൾ ലംഘിച്ച് അമിതവേഗതയിൽ പായുന്നവരെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക 'എക്സ്' ഹാൻഡിലിലൂടെയാണ് വേഗത ലംഘനത്തിന് ലഭിക്കുന്ന കടുത്ത ശിക്ഷാനടപടികളെക്കുറിച്ച് മന്ത്രാലയം വിശദീകരണം നൽകിയത്.
വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററിലധികമായാൽ കുവൈറ്റ് പൗരന്മാർക്ക് കനത്ത ട്രാഫിക് പിഴ ചുമത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്യും. വേഗത പരിധി ലംഘിക്കുന്ന കുവൈറ്റ് പൗരന്മാർക്ക് ട്രാഫിക് പിഴയും വാഹനം കണ്ടുകെട്ടലുമടക്കം താത്ക്കാലിക തടവുശിക്ഷ വരെ ലഭിക്കാം. എന്നാൽ നിയമലംഘനം നടത്തുന്ന പ്രവാസികൾക്ക് ട്രാഫിക് പിഴയും വാഹനം പിടിച്ചെടുക്കലും രേഖപ്പെടുത്തിയ ശേഷം രാജ്യത്തുനിന്ന് അടിയന്തിരമായി നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വേഗത മണിക്കൂറിൽ 170 കിലോമീറ്ററിലധികമായാൽ കുവൈറ്റ് പൗരന്മാർക്ക് ട്രാഫിക് പിഴ, വാഹനം കണ്ടുകെട്ടൽ എന്നിവയ്ക്ക് പുറമെ താൽക്കാലിക തടവുശിക്ഷ വരെ ലഭിക്കാം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമങ്ങൾ കർശനമാക്കിയതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികൾ ഉൾപ്പെടെയുള്ള വാഹനമോടിക്കുന്നവർ വേഗത പരിധി കർശനമായി പാലിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Kuwait has announced tougher penalties for overspeeding and serious traffic offences, warning that expatriates could face deportation for repeated or dangerous violations.