ഡാനാ ഡയറി ഗ്രൂപ്പിന്റെ ചില പാല്‍പ്പൊടി ഉത്പ്പന്നങ്ങള്‍ നിരോധിച്ച് കുവൈറ്റ്; നടപടി ആരോഗ്യ സുരക്ഷയുടെ ഭാഗം

കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍ ആണ് ഉത്പ്പന്നങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

കുവൈറ്റില്‍ ഡാനാ ഡയറി ഗ്രൂപ്പിന്റെ ചില പാല്‍പ്പൊടി ഉത്പ്പന്നങ്ങള്‍ക്ക് നിരോധനം. ശിശുക്കള്‍ക്ക് നല്‍കുന്ന 'ഡനലാക്' ഗോട്ട് മില്‍ക്ക് ഇന്‍ഫന്റ് ഫോര്‍മുലയുടെ ചില ബാച്ചുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് നടപടി. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍ ആണ് ഉത്പ്പന്നങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഡനലാക് ഗോട്ട് മില്‍ക്ക് ഇന്‍ഫന്റ് ഫോര്‍മുലയുടെ ചില ബാച്ചുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരം ഉല്‍പ്പന്നങ്ങളില്‍ സെറിയൂലൈഡ്' എന്ന വിഷാംശം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റാപ്പിഡ് അലേര്‍ട്ട് സിസ്റ്റം ഫോര്‍ ഫുഡ് ആന്‍ഡ് ഫീഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്റ്റോണിയയില്‍ ഉത്പ്പാദിപ്പിച്ച ഡനലാക് ഗോട്ട് മില്‍ക്ക് ഇന്‍ഫന്റ് ഫോര്‍മുല 1, ഫോളോ-ഓണ്‍ ഫോര്‍മുല 2 എന്നിവയുടെ 400 ഗ്രാം പാക്കുകളള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത്തരം ഉത്പ്പന്നങ്ങള്‍ ഉടന്‍ വിപണയില്‍ നിന്ന് നീക്കം ചെയ്യാനും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനയും ശക്തമാക്കും.

വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത് വരെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍ നിര്‍ദ്ദേശിച്ചു. ശിശുക്കള്‍ക്ക് നല്‍കുന്ന ഇത്തരം പാല്‍പ്പൊടികള്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും സംശയകരമായ സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട അധികൃതരുമായി ഉടന്‍ തന്നെ ബന്ധപ്പെടണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഡാനാ ഡയറി ഗ്രൂപ്പ് ആണ് ഇത്തരം ഉത്പ്പന്നങ്ങളുടെ നിര്‍മാതാക്കള്‍.

Content Highlights: Kuwait has banned certain milk powder products of Dana Diary Group as part of health safety measures. Authorities took the action to ensure food safety and protect public health.

To advertise here,contact us