തൊഴിൽ വിപണിയിൽ സുപ്രധാന ഇളവുകളുമായി കുവൈറ്റ്; ചെറുകിട-ഇടത്തരം സംരംഭകർക്ക് ആശ്വാസമാകും

വിസ മാറ്റം ആഗ്രഹിക്കുന്നവര്‍ നിലവിലുള്ള തൊഴിലുടമയുടെ അനുമതിപത്രം ഇതിനായി ഹാജരാക്കണം

കുവൈറ്റിലെ തൊഴില്‍ വിപണിയില്‍ സുപ്രധാന ഇളവുകളുമായി ആഭ്യന്തര മന്ത്രാലയം. വിസ മാറ്റത്തിന് നിരോധനമുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ അടക്കമുള്ള തൊഴില്‍ മേഖലകള്‍ക്ക് വിസ മാറുന്നതിനുള്ള അനുമതിയാണ് ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്നത്. ചെറുകിട ഇടത്തരം സംരഭങ്ങള്‍, വ്യവസായം, കൃഷി, മേച്ചില്‍, മത്സ്യബന്ധനം എന്നീ അഞ്ച് പ്രധാന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റ് മേഖലകളിലേക്ക് വിസ മാറാന്‍ താത്ക്കാലിക അനുമതി നല്‍കിക്കൊണ്ടുളള പ്രഖ്യാപനമാണ് ആഭ്യന്തര മന്ത്രാലയം നടത്തിയിരിക്കുന്നത്.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മെയ് 1 മുതല്‍ ജൂണ്‍ 30 വരെയുള്ള രണ്ട് മാസക്കാലയളവിലാണ് ആനുകൂല്യം ലഭ്യമാകുക. നേരത്തെ ഈ പ്രത്യേക മേഖലകളില്‍ റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്ക് അതേ വിഭാഗത്തില്‍ അല്ലാതെ മറ്റ് കമ്പനികളിലേക്ക് മാറാന്‍ അനുവാദമില്ലായിരുന്നു. 2015-ലെയും 2016-ലെയും നിലവിലുണ്ടായിരുന്ന നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഇളവ് അനുവദിച്ചിരിക്കുന്നത്.

വിസ മാറ്റം ആഗ്രഹിക്കുന്നവര്‍ നിലവിലുള്ള തൊഴിലുടമയുടെ അനുമതിപത്രം ഇതിനായി ഹാജരാക്കണം. തൊഴില്‍ വിപണിയിലെ പ്രതിസന്ധികള്‍ പരിഹരിക്കാനും വിദഗ്ധ തൊഴിലാളികളുടെ സേവനം മറ്റ് മേഖലകളിലേക്ക് കൂടി ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ പുതിയ ഉത്തരവ് രാജ്യത്ത് പ്രാബല്യത്തില്‍ വരും.

Content Highlights: Kuwait has introduced significant labour market relaxations aimed at supporting small and medium enterprises (SMEs). The move is expected to ease operational challenges and provide relief to entrepreneurs and business owners.

To advertise here,contact us