പ്രവാസി സംരംഭകർക്കായി നോർക്കയുടെ ത്രിദിന സൗജന്യ പരിശീലനം; ഒക്ടോബർ ബാച്ചിന് കൊച്ചിയിൽ തുടക്കമായി

എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിലെ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് സൗജന്യ പരിശീലനം നൽകിവരുന്നത്.

പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലന പ്രോഗ്രാമിന്റെ ഒക്ടോബർ ബാച്ചിന് കൊച്ചിയിൽ തുടക്കമായി. എറണാകുളം നിപ്പോൺ കേരള സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് പി ജോസഫ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷീബ എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെഐഇഡി) എറണാകുളം ജില്ലാ പ്രസിഡന്റ് ബിനു വിഎം മുഖ്യാതിഥിയായ ചടങ്ങിൽ ഫ്രൂട്ടോമാൻസ് ഡയറക്ടർ ടോം തോമസ് ആശംസകൾ നേർന്നു. എന്‍ബിഎഫ്സി പ്രോജക്റ്റ്സ് മാനേജർ സുരേഷ് കെവി സ്വാഗതവും കെഐഇഡി ജൂനിയർ മാനേജർ ദൃശ്യ പിവി നന്ദിയും രേഖപ്പെടുത്തി. ഒക്ടോബർ 27 മുതൽ 29 വരെ നടക്കുന്ന ഈ റെസിഡൻഷ്യൽ പരിശീലന പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 28 പ്രവാസികളാണ് പങ്കെടുക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കെഐഇഡിയുടെ പൂർണ്ണ പിന്തുണയോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ബാങ്ക് വായ്പകൾ, ജിഎസ്ടി, ആവശ്യമായ ലൈസൻസുകൾ, വിജയകരമായ സംരംഭകരുടെ അനുഭവങ്ങൾ പങ്കുവെക്കൽ തുടങ്ങി ഒരു സംരംഭം ആരംഭിക്കാൻ ആവശ്യമായ എല്ലാ വിഷയങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിലെ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് സൗജന്യ പരിശീലനം നൽകിവരുന്നത്.

സംസ്ഥാനത്ത് പ്രവാസി നിക്ഷേപങ്ങളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലക സംവിധാനമാണ് എന്‍ബിഎഫ്സി എല്ലാ പ്രവൃത്തിദിനങ്ങളിലും നോർക്ക ബിസിനസ് ക്ലിനിക്ക് സേവനവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്ന്), +91-8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ സർവീസ്) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

Content Highlights: NORKA’s Business Facilitation Centre offers free three-day entrepreneurship training for expatriates and returnees in Kochi, covering business planning, marketing, finance and licensing.

To advertise here,contact us