മുന്നോട്ട് വെച്ച ഏഴ് നിബന്ധനകള്‍ പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍: റിപ്പോര്‍ട്ട്

ഇറാന്റെ നയതന്ത്ര നിര്‍ദ്ദേശത്തിന് അമേരിക്കയില്‍ നിന്ന് മറുപടി ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇറാനില്‍ നിന്നും പ്രതികരണം വരുന്നത്

തങ്ങള്‍ മുന്നോട്ട് വെച്ച ഏഴ് നിബന്ധനകള്‍ പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍. ജൂണില്‍ അമേരിക്കയുമായി ഉണ്ടാക്കിയ ഇടക്കാല കരാറില്‍ പറയുന്ന നിബന്ധനകള്‍ പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖ്വലിബാഫ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്റെ നയതന്ത്ര നിര്‍ദ്ദേശത്തിന് അമേരിക്കയില്‍ നിന്ന് മറുപടി ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇറാനില്‍ നിന്നും പ്രതികരണം വരുന്നത്. 'മാധ്യമങ്ങളില്‍ വ്യത്യസ്തമായി കാര്യങ്ങള്‍ അറിയിക്കുന്ന അമേരിക്കക്കാര്‍ ഒരു മധ്യസ്ഥന്‍ വഴി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. പക്ഷേ, നടപടികള്‍ വലിച്ചിഴച്ച് ഏകപക്ഷീയമായ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്ന സമയം അവസാനിച്ചെന്ന് അവര്‍ മനസിലാക്കണം. ഇറാന്റെ നിലപാട് വ്യക്തമാണ്. ഇസ്‌ലാമാബാദ് ധാരണപത്രത്തെ അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ ഏഴ് നിബന്ധനകള്‍ പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല', ഖ്വലിബാഫ് പറഞ്ഞു.

ഇറാന്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ പാലിക്കപ്പെട്ടാല്‍ ഹോര്‍മുസ് തുറക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്റെ നിദേശങ്ങള്‍ തള്ളിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അബ്ബാസ് അരാഗ്ചി ന്യൂയോര്‍ക്കില്‍ മാധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.

Content Highlights: Iran has stated that the Strait of Hormuz will remain closed until seven conditions set by the country are met. The development comes amid ongoing regional tensions and concerns over global energy supplies.

To advertise here,contact us