ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാകുന്നതോടെ വലിയ സാമ്പത്തിക വളർച്ചയ്ക്കും വിനോദസഞ്ചാര കുതിപ്പിനും ഒരുങ്ങി ഗൾഫ് രാജ്യങ്ങൾ. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മേഖലയിൽ വൻതോതിൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വർദ്ധിക്കും. എണ്ണയിതര വരുമാനം ഉയർത്തി സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഈ നീക്കം ഏറെ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഗൾഫ് സഹകരണ കൗൺസിൽ (GCC) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പ്രഖ്യാപിച്ച ഏകീകൃത ടൂറിസ്റ്റ് വിസ, മേഖലയിലെ ടൂറിസം-നിക്ഷേപ മേഖലകളിൽ വലിയ പ്രതീക്ഷയാണ് ഉണർത്തുന്നത്. ആറ് ഗൾഫ് രാജ്യങ്ങളെയും ഒരൊറ്റ വിനോദസഞ്ചാര കേന്ദ്രമായി മാറ്റാൻ ഈ വിസ സംവിധാനത്തിലൂടെ സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധൻ അഹമ്മദ് അൽ ഖഷ്നം ചൂണ്ടിക്കാട്ടി. എണ്ണയെ മാത്രം ആശ്രയിക്കാതെയുള്ള സാമ്പത്തിക വളർച്ചയിലേക്ക് ഗൾഫ് രാജ്യങ്ങൾക്ക് വേഗത്തിൽ മാറാൻ ഇത് വഴിതുറക്കും.
പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളിലൊന്ന് കുവൈറ്റായിരിക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള കുവൈറ്റിന് ബിസിനസ് ടൂറിസം, ഷോപ്പിങ്, കുടുംബ വിനോദസഞ്ചാരം എന്നിവയിൽ വൻ സാധ്യതകളാണുള്ളത്. വിദേശ സഞ്ചാരികളുടെ വരവ് വർദ്ധിക്കുന്നതോടെ രാജ്യത്തെ ഹോട്ടലുകൾ, റിസോർട്ടുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവയ്ക്ക് വലിയ ഉണർവുണ്ടാകും. കൂടാതെ ഗൾഫ് രാജ്യങ്ങൾക്കിടയിലെ വ്യോമഗതാഗതവും വിമാന സർവീസുകളും വർധിക്കുന്നതും കുവൈറ്റിന് ഏറെ അനുകൂല ഘടകമാണ്.
വിനോദസഞ്ചാര മേഖലയിൽ പുതിയ പ്രാദേശിക-വിദേശ നിക്ഷേപങ്ങൾ എത്തുന്നതോടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാകും സൃഷ്ടിക്കപ്പെടുക. ഇത് സ്വദേശി യുവാക്കളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനും കരുത്താകും. കഴിഞ്ഞ വർഷം 7.57 കോടി സഞ്ചാരികളെത്തിയ ഗൾഫ് മേഖലയിൽ 254.7 ബില്യൺ ഡോളറിന്റെ ടൂറിസം വരുമാനമാണ് രേഖപ്പെടുത്തിയത്. ഏകീകൃത വിസ പൂർണമായി പ്രാബല്യത്തിൽ വരുന്നതോടെ ഈ കണക്കുകൾ വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: The GCC unified tourist visa is expected to support tourism growth across the Gulf region, with member countries anticipating wider economic benefits and increased employment opportunities. The initiative aims to make travel between GCC countries more convenient for visitors while supporting the region’s tourism sector.