ഒമാനെയും യുഎഇയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചരിത്രപരമായ 'ഹഫീത് റെയിൽ' പദ്ധതിയുടെ ഉഭയകക്ഷി കരാറിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക അംഗീകാരം നൽകി. രാജകീയ ഉത്തരവിലൂടെ 250 കോടി ഡോളറിന്റെ കരാറിനാണ് അംഗീകാരം ലഭിച്ചത്. ഗൾഫ് മേഖലയിലെ തന്നെ ആദ്യത്തെ അതിർത്തി കടന്നുള്ള റെയിൽ ശൃംഖല എന്ന സവിശേഷതയുള്ള ഈ പദ്ധതിയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധം കൂടുതൽ ശക്തിപ്പെടും.
ഒമാനിലെ പ്രധാന വ്യവസായ കേന്ദ്രമായ സൊഹാറിൽ നിന്ന് ആരംഭിച്ച് ബുറൈമി, അൽ ഐൻ വഴി യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 238 കിലോമീറ്റർ നീളമുള്ളതാണ് ഈ റെയിൽപാത. പർവതപ്രദേശങ്ങളിലടക്കം അതിവേഗം പുരോഗമിക്കുന്ന പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങളിൽ ഏകദേശം 40 ശതമാനത്തോളം പണികൾ ഇതിനോടകം തന്നെ പൂർത്തിയായിക്കഴിഞ്ഞു. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി എണ്ണേതര വരുമാന വളർച്ചയ്ക്ക് വലിയ കരുത്തുപകരാൻ ഈ പദ്ധതി സഹായിക്കും.
ചരക്കുനീക്കത്തിന് ഏറെ മുൻഗണന നൽകുന്ന ഈ ശൃംഖലയിലൂടെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുള്ള ചരക്ക് ട്രെയിനുകൾ സർവീസ് നടത്തും. ഒരൊറ്റ യാത്രയിൽ 15,000 ടണ്ണിലധികം ചരക്ക് വഹിക്കാൻ ശേഷിയുള്ള ഈ ട്രെയിനുകൾ സോഹാർ തുറമുഖത്തെ യുഎഇയുടെ വിപുലമായ ലോജിസ്റ്റിക് ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിക്കും.
വ്യാപാര മേഖലയ്ക്ക് പുറമേ യാത്രക്കാർക്കും വലിയ ആശ്വാസമാണ് ഹഫീത് റെയിൽ സമ്മാനിക്കുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള പാസഞ്ചർ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതോടെ 400 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാൻ സാധിക്കും. ഇത് നിലവിൽ വരുന്നതോടെ സൊഹാറിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ സമയം വെറും 100 മിനിറ്റായി ചുരുങ്ങും.
Content Highlights: The Oman-UAE cross-border railway project has received approval, marking a major step toward establishing the Gulf's first cross-border rail network. The project is expected to strengthen connectivity and facilitate transportation between Oman and the UAE.