യൂറോപ്യൻ യൂണിയൻ–ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്ക് സൗദി അറേബ്യ വേദിയാകും. ഒക്ടോബർ 24നാണ് ഉച്ചകോടി. ഇരുമേഖലകളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും രാഷ്ട്രീയ, സാമ്പത്തിക സഹകരണം വിപുലീകരിക്കുകയുമാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളിലെയും ജിസിസിയിലെ സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ എന്നീ ആറ് രാജ്യങ്ങളിലെയും നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അൻ്റോണിയോ കോസ്റ്റ യൂറോപ്യൻ യൂണിയൻ്റെ ഭാഗത്തുനിന്ന് സഹഅധ്യക്ഷത വഹിക്കും. യൂറോപ്യൻ കമ്മിഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയനും പങ്കെടുക്കും. ആഗോള-പ്രാദേശിക തലങ്ങളിൽ സുരക്ഷയും സമാധാനവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
2024 ഒക്ടോബർ16ന് ബ്രസൽസിലാണ് ആദ്യ യൂറോപ്യൻ യൂണിയൻ-ജിസിസി ഉച്ചകോടി നടന്നത്. ഇരുമേഖലകളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുന്ന പശ്ചാത്തലത്തിലാണ് രണ്ടാം ഉച്ചകോടി.
ജിസിസിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. 2025ൽ ഇരുമേഖലകളും തമ്മിലുള്ള ചരക്ക് വ്യാപാരം 165.6 ബില്യൺ യൂറോയിലെത്തി. ഇതിൽ ഏകദേശം 110 ബില്യൺ യൂറോയുടെ യൂറോപ്യൻ യൂണിയൻ കയറ്റുമതിയും 55.6 ബില്യൺ യൂറോയുടെ ഇറക്കുമതിയുമാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ യൂറോപ്യൻ യൂണിയൻ-ജിസിസി വ്യാപാരം ഏകദേശം 30 ശതമാനം വർധിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യൂറോപ്യൻ യൂണിയൻ ഇറക്കുമതി 54 ശതമാനത്തോളം ഉയർന്നപ്പോൾ യൂറോപ്യൻ യൂണിയൻ കയറ്റുമതി ഏകദേശം 20 ശതമാനം വർധിച്ചു. ജിസിസിയിൽ നിന്നുള്ള യൂറോപ്യൻ യൂണിയൻ ചരക്ക് ഇറക്കുമതിയുടെ 75 ശതമാനത്തിലേറെയും ഇന്ധനമാണ്.
1989 ൽ ഒപ്പുവെച്ച സഹകരണ കരാറാണ് യൂറോപ്യൻ യൂണിയൻ-ജിസിസി ബന്ധങ്ങളുടെ അടിസ്ഥാനം. സാമ്പത്തിക ബന്ധം, ഊർജം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, ഗവേഷണം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള ചട്ടക്കൂടും കരാറിൻ്റെ ഭാഗമാണ്.
Content Highlights: The second EU–GCC Summit is set to take place in Saudi Arabia, aiming to strengthen relations and cooperation between the European Union and Gulf Cooperation Council countries. The summit is expected to focus on enhancing strategic partnerships and regional collaboration.