സൗദി എണ്ണക്കപ്പലിന് നേരെ ഉണ്ടായ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് ഗൾഫ്-അറബ് രാജ്യങ്ങൾ

സൗദി അറേബ്യയ്ക്ക് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ​ഗൾഫ് സഹകരണ കൗൺസിലും രംഗത്തെത്തി.

ഹോർമുസ് കടലിടുക്കിൽ സൗദി അറേബ്യൻ എണ്ണക്കപ്പലായ ‘സെദറിന്’ നേരെ ഇറാൻ നടത്തിയ ആക്രമണത്തെ രൂക്ഷമായി അപലപിച്ച് ഗൾഫ്-അറബ് രാജ്യങ്ങൾ. ആക്രമണത്തിൽ ജീവനക്കാർ കൊല്ലപ്പെട്ട സംഭവം മേഖലയുടെ സുരക്ഷയ്ക്കും ആഗോള സാമ്പത്തിക ഭദ്രതയ്ക്കും വൻ വെല്ലുവിളിയാണെന്ന് പ്രമുഖ രാജ്യങ്ങൾ പ്രസ്താവിച്ചു. സൗദി അറേബ്യയ്ക്ക് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ​ഗൾഫ് സഹകരണ കൗൺസിലും രംഗത്തെത്തി.

ഹോർമുസിൽ സൗദി എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇറാന്റെ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ആഗോള ഊർജ്ജ വിതരണത്തിനും നാവിക സുരക്ഷയ്ക്കും കടുത്ത ഭീഷണിയുമാണെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ-ബുദൈവി വ്യക്തമാക്കി. സൗദിയുടെ സുരക്ഷ ഉറപ്പാക്കാൻ അവർ സ്വീകരിക്കുന്ന ഏത് നടപടിക്കും ജിസിസി രാജ്യങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകും.

ഇറാന്റെ സമ്മർദ്ദ തന്ത്രങ്ങൾ അംഗീകരിക്കില്ലെന്ന് ഖത്തർ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ നിയമങ്ങളുടെയും നാവിക ഗതാഗത സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് നടന്നിരിക്കുന്നത്. നാവിക സ്വാതന്ത്ര്യം വിട്ടുവീഴ്ചയില്ലാത്ത തത്വമാണെന്നും ഇത് അടച്ചിടുന്നത് തുടർന്നാൽ മേഖലയിലെ സുപ്രധാന താത്പര്യങ്ങളെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും അപകടത്തിലാക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. യാതൊരു ഉപാധികളുമില്ലാതെ കടലിടുക്ക് അടിയന്തരമായി തുറക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

ഇറാ​ൻ്റെ നടപടിയെ കുവൈറ്റും ജോർദ്ദാനും ശക്തമായി അപലപിച്ചു. അന്താരാഷ്​ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് എല്ലാ പ്രകോപനപരമായ നടപടികളും ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഇരുരാജ്യങ്ങളും​ ആവശ്യപ്പെട്ടു. ആക്രമണം ആഗോള സാമ്പത്തിക ഭദ്രതയെ തകർക്കുന്നതാണെന്ന് കുവൈറ്റും സൗദിക്കൊപ്പമാണ് തങ്ങളെന്ന് ജോർദാനും പ്രസ്താവനയിൽ വ്യക്തമാക്കി.

Content Highlights: Gulf and Arab nations have strongly condemned the reported attack on a Saudi oil tanker. The incident has raised concerns over regional stability and security amid increasing tensions in the Middle East.

To advertise here,contact us