കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ ഒരു വിചിത്രമായ മാറ്റം ശ്രദ്ധിച്ചിരിക്കാം. ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ ബ്രാൻഡുകളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ കുട്ടികൾ കൈകാര്യം ചെയ്യുന്നതുപോലെയാണ് തോന്നുന്നത്. കൃത്യതയില്ലാത്ത സെൽഫികൾ, മങ്ങിയ ഫോട്ടോകൾ, അപ്രതീക്ഷിത ക്ലോസ്-അപ്പുകൾ എന്നിവയാണ് ഊബർ യുഎഇ, വിസിറ്റ് അബുദാബി, ഡു(Du) തുടങ്ങി നിരവധി കമ്പനികളുടെ ഇൻസ്റ്റഗ്രാം പേജുകളിൽ പ്രത്യക്ഷപ്പെട്ടത്. ഇത് കണ്ട പലരിലും "എന്താണ് ഇവിടെ സംഭവിക്കുന്നത്?" എന്ന ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടാകും. എന്നാൽ ഈ ട്രെൻഡിന്റെ തുടക്കം ഒരു യഥാർത്ഥ സോഷ്യൽ മീഡിയ പിഴവിൽ നിന്നാണെന്നാണ് പറയപ്പെടുന്നത്.
ഈ ട്രെൻഡിൽ പങ്കെടുത്ത ബ്രാൻഡുകൾ പറയുന്നതനുസരിച്ച്, ട്രെൻഡിന്റെ തുടക്കം സൗദിയിലെ അബായ ബ്രാൻഡായ സഹാബ അബയ(Sahaba Abaya)യുടെ ഉടമയുടെ കുട്ടി അബദ്ധത്തിൽ എടുത്ത ഒരു ചിത്രം കമ്പനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിലൂടെയാണ്. അർഥമില്ലാത്ത ഒരു ക്യാപ്ഷനോടുകൂടിയ ആ ചിത്രം, ഒരു ചെറിയ കുട്ടിക്ക് ഫോൺ കിട്ടിയാൽ സംഭവിക്കാവുന്ന കാര്യത്തെ കൃത്യമായി അവതരിപ്പിക്കുന്നതായിരുന്നു. സാധാരണ ഇത്തരമൊരു പോസ്റ്റ് ഉടൻ നീക്കം ചെയ്യുമെങ്കിലും ബ്രാൻഡ് അത് ഡിലീറ്റ് ചെയ്തില്ല. അതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആ പോസ്റ്റ് ഏറ്റെടുത്തു.
"അമ്മയ്ക്ക് ഫോൺ തിരികെ കൊടുക്കൂ", "അമ്മയോട് ഞങ്ങൾക്ക് ഒരു ഡിസ്കൗണ്ട് തരാൻ പറയൂ" തുടങ്ങിയ കമന്റുകളിലൂടെ സോഷ്യൽ മീഡിയ ചിത്രം ഏറ്റെടുത്തു. അതിനുശേഷം മറ്റു സൗദി ബ്രാൻഡുകളും ഇതേ മാതൃക പിന്തുടർന്നു. കുട്ടികൾ എടുത്തതുപോലുള്ള ചിത്രങ്ങളും രസകരമായ ക്യാപ്ഷനുകളും ഉപയോഗിച്ച് അവർ പോസ്റ്റുകൾ പങ്കുവെക്കാൻ തുടങ്ങി. വളരെ വേഗത്തിൽ ഈ ട്രെൻഡ് ഗൾഫിലെ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ഓരോ ബ്രാൻഡും അതിന് തങ്ങളുടേതായ രീതിയിൽ പുതുമ ചേർക്കുകയും ചെയ്തു.
ഇതോടെ ഊബർ യുഎഇ, വിസിറ്റ് അബുദാബി, ഡു(Du), യുഎഇയുടെ ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം (Ministry of Energy and Infrastructure), നിരവധി ക്രിയേറ്റീവ് ഏജൻസികൾ എന്നിവയും ഈ ട്രെൻഡിന്റെ ഭാഗമായി. ഒരു സാധാരണ അബദ്ധമെന്ന് തോന്നിയ സംഭവം, പിന്നീട് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ വൈറൽ മാർക്കറ്റിംഗ് ക്യാമ്പെയ്നുകളിലൊന്നായി മാറി. വർഷങ്ങളായി ബ്രാൻഡുകൾ മികച്ച ചിത്രങ്ങൾ, മനോഹരമായി ക്രമീകരിച്ച ഇൻസ്റ്റഗ്രാം ഫീഡുകൾ, ചെലവേറിയ പരസ്യ ക്യാമ്പെയ്നുകൾ എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ ജെൻ സി (Gen Z) തലമുറയ്ക്ക് വളരെ സ്വാഭാവികമായതും യഥാർത്ഥവുമെന്ന തോന്നൽ നൽകുന്ന പോസ്റ്റുകളോടാണ് കൂടുതൽ ആകർഷണം ഉണ്ടാകുന്നത്. ഈ ട്രെൻഡ് ഉപയോഗിച്ച് നിരവധി ബ്രാൻഡുകൾ അവരുടെ പരസ്യ സന്ദേശങ്ങളും പുതിയ ക്യാമ്പെയ്നുകളും കുട്ടികളുടെ ശബ്ദത്തിലൂടെയെന്ന പോലെ അവതരിപ്പിച്ചു.
സാധാരണ പരസ്യഭാഷയ്ക്ക് പകരം, ഒരു ചെറിയ കുട്ടികൾ എഴുതുന്നതുപോലെ തോന്നുന്ന ലളിതവും രസകരവുമായ ക്യാപ്ഷനുകളാണ് പല പോസ്റ്റുകളിലും ഉപയോഗിച്ചത്. അതിലൂടെ പരസ്യം എന്നതിലുപരി വിനോദപരമായ ഉള്ളടക്കമെന്ന അനുഭവമാണ് പ്രേക്ഷകർക്ക് ലഭിച്ചത്. എന്നാൽ ഈ പോസ്റ്റുകളിലെ എല്ലാ കുട്ടികളുടെയും ചിത്രങ്ങളും യഥാർത്ഥമല്ല. ചില ബ്രാൻഡുകൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളാണ് പങ്കുവെച്ചത്. മറ്റുചിലർ യഥാർത്ഥ കുട്ടികളുടെ ചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ കൃത്രിമ ബുദ്ധി, കഥപറച്ചിൽ (Story Telling), സാമൂഹ്യമാധ്യമങ്ങളിലെ ഹാസ്യം തുടങ്ങിയവയുടെ സംയോജനമായ ഒരു പുതിയ ഡിജിറ്റൽ ട്രെൻഡായി ഇത് മാറി.
കുട്ടികൾ എടുത്തതുപോലെ തോന്നുന്ന ചിത്രങ്ങൾ സ്വാഭാവികവും പ്രൊഫഷണൽ പരസ്യങ്ങൾ നിറഞ്ഞ ഇൻസ്റ്റഗ്രാം ഫീഡിൽ അവ വളരെ വേഗത്തിൽ ശ്രദ്ധ നേടുന്നു. ഈ ട്രെൻഡ് മുന്നോട്ടും തുടരുമോ എന്ന് പറയാനാകില്ല. എന്നാൽ സോഷ്യൽ മീഡിയ സംസ്കാരം എത്ര വേഗത്തിലാണ് മാറുന്നതെന്നും പുതിയ ആശയങ്ങൾ എത്ര വേഗത്തിലാണ് വൈറലാകുന്നതെന്നും ഇതിലൂടെ വ്യക്തമാകുന്നു.
Content Highlight: If you've been scrolling Instagram lately, you've probably noticed kids' photos taking over the feeds of major GCC brands like Uber UAE, Visit Abu Dhabi, and du. The unusual posts have left many users wondering