പറന്നുയരുമ്പോഴും ഫുട്ബോൾ ലോകകപ്പ് ആസ്വദിക്കാം; യാത്രക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കി എമിറേറ്റ്സ് എയർലൈൻസ്

ഫുട്ബോളിന് പുറമേ, ഈ വേനൽക്കാലത്ത് മറ്റ് തത്സമയ കായിക വിനോദങ്ങളുടെ സംപ്രേക്ഷണവും എമിറേറ്റ്സ് ലഭ്യമാക്കും

ദുബായിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് തങ്ങളുടെ വിമാനങ്ങളിൽ 2026 ഫിഫ ലോകകപ്പിലെ എല്ലാ മത്സരങ്ങളും തത്സമയം പ്രദർശിപ്പിക്കും. വിമാനത്തിൽ കയറുന്നത് മുതൽ ലക്ഷ്യസ്ഥാനത്ത് ഇറങ്ങുന്നത് വരെ ഫുട്ബോൾ ആരാധകരായ യാത്രക്കാർക്ക് ടൂർണമെന്റ് ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും.

എമിറേറ്റ്സിന്റെ ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റമായ 'ഐസ്'ൽ ലഭ്യമായ പ്രത്യേക സ്പോർട്സ് ചാനലായ 'സ്പോർട്ട് 24' വഴിയാണ് യാത്രക്കാർക്ക് ഫിഫ ലോകകപ്പിലെ മത്സരങ്ങൾ കാണാൻ സാധിക്കുക. ജൂൺ 11-ന് മെക്സിക്കോയിൽ നടന്ന ഉദ്ഘാടന ചടങ്ങ് മുതൽ ജൂലൈ 19-ന് അമേരിക്കയിൽ നടക്കുന്ന ഫൈനൽ വരെയാണ് ഈ സംപ്രേക്ഷണം ലഭ്യമാവുക. ഇതിലൂടെ യാത്രക്കാർ എവിടേക്ക് പോകുന്നവരായാലും ടൂർണമെന്റിലെ ഓരോ ഗോളും ആഘോഷങ്ങളും പ്രധാന നിമിഷങ്ങളും അവർക്ക് തടസ്സങ്ങളില്ലാതെ കാണാനാകും.

ഈ തീരുമാനത്തിലൂടെ, ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നുമായി യാത്രക്കാർക്ക് എപ്പോഴും കണക്റ്റഡ് ആയിരിക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കുകയാണ് എമിറേറ്റ്സ്. 40,000 അടി ഉയരത്തിൽ യാത്ര ചെയ്യുമ്പോഴും ഈ തത്സമയ സംപ്രേക്ഷണം ലഭ്യമായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഫുട്ബോളിന് പുറമേ, ഈ വേനൽക്കാലത്ത് മറ്റ് തത്സമയ കായിക വിനോദങ്ങളുടെ സംപ്രേക്ഷണവും എമിറേറ്റ്സ് ലഭ്യമാക്കും. ബാസ്‌ക്കറ്റ്‌ബോൾ ആരാധകർക്ക് ജൂൺ 20 വരെ 'സ്‌പോർട്ട് 24', 'സ്‌പോർട്ട് 24 എക്‌സ്ട്രാ' എന്നീ ചാനലുകളിലൂടെ എൻബിഎ ഫൈനൽ മത്സരങ്ങൾ കാണാൻ കഴിയും. കപ്പലോട്ടം ഇഷ്ടപ്പെടുന്നവർക്ക് നോവ സ്കോട്ടിയയിലെ ഹാലിഫാക്സ് ഹാർബറിൽ നിന്ന് ജൂൺ 20, 21 തീയതികളിൽ നടക്കുന്ന കാനഡ സെയിൽ ഗ്രാൻഡ് പ്രിക്സ് ആസ്വദിക്കാനുള്ള അവസരവുമുണ്ട്.

Content Highlights: Emirates Airline has introduced a special service enabling passengers to enjoy FIFA Club World Cup matches while flying. The initiative ensures football fans can follow live action in the skies without missing key moments of the tournament.

To advertise here,contact us