ഗള്ഫ് വിപണിയില് ഇന്ത്യന് രൂപയ്ക്ക് വന് ഇടിവ്. ഒമാനി റിയാല് അടക്കമുള്ള മിക്ക ഗള്ഫ് കറന്സികളുമായുള്ള വിനിമയത്തില് സര്വകാല റെക്കോര്ഡ് ആണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഒമാനി റിയാലിന് 234 ( 234.82) രൂപയ്ക്ക് മുകളിലാണ് മൂല്യം. ഖത്തര് റിയാലും മികച്ച നേട്ടമുണ്ടാക്കി. ഒരു ഖത്തര് റിയാലിന് 24.80 രൂപയായിരുന്നു വ്യാഴാഴ്ചത്തെ നിരക്ക്. ഇന്ത്യന് രൂപയ്ക്ക് മുന്പെങ്ങുമില്ലാത്ത മൂല്യത്തകര്ച്ചയാണ് അന്തര്ദേശീയ തലത്തിലുണ്ടായതെങ്കിലും പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസകരമാണ് ഈ വാര്ത്ത.
ഉയര്ന്ന തുക ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പണമയക്കാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് വിദേശ ഇന്ത്യക്കാര്. മാസാദ്യം ശമ്പളദിനത്തോടനുബന്ധിച്ചുണ്ടായ ഈ മൂല്യമാറ്റം നേട്ടമാക്കുകയാണ് മലയാളികള് ഉള്പ്പെടെയുള്ളവര്. ഇന്ത്യന് രൂപയുടെ മൂല്യത്തകര്ച്ചയില് വന് റെക്കോര്ഡ് സൃഷ്ടിച്ചത് ഒമാനി റിയാലാണ്. ഇത് ആദ്യമായാണ് ഒമാനി റിയാലുമായുള്ള വിനിമയ നിരക്ക് 234 രൂപയ്ക്ക് മുകളിലേക്ക് എത്തുന്നത്.
സമാനമായി രൂപ-യുഎഇ ദിർഹം വിനിമയ നിരക്കിലും ഇടിവ് തുടരുകയാണ്. ഇന്ത്യന് രൂപക്കെതിരെ യുഎഇ ദിർഹത്തിന്റെ മൂല്യവും എക്കാലത്തേയും ഉയർന്ന നിരക്കിലാണ്. ഒരു ദിർഹത്തിന് 24.55 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. സൗദി റിയാല് 24.06, കുവൈത്ത് ദിനാർ 294.22 എന്ന നിലയിലുമാണ് വിനിമയ നിരക്ക്.
നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂല്യം കൂടുന്നത് ആശ്വാസകരമാണെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസമുള്പ്പെടെയുള്ള ആവശ്യങ്ങള്ക്കായി വിദേശ നാണയത്തില് വായ്പയെടുത്തവര്ക്ക് ബാധ്യതയേറും. വായ്പാത്തുക ഇന്ത്യന് രൂപയില് മാറ്റുമ്പോള് കൂടുതല് തുക തിരിച്ചടക്കേണ്ടി വരുമെന്നതാണ് കാരണം. അതുപോലെ വിദേശ സന്ദര്ശനം നടത്തുന്നവര്ക്കും വിദേശ ചികിത്സ തേടുന്നവര്ക്കും രൂപയുടെ വിലയിടിവ് പ്രതികൂലമായി ബാധിക്കും. പക്ഷേ ഗള്ഫ് രാജ്യങ്ങളില് ജോലി നോക്കുന്ന അടിസ്ഥാന വര്ഗത്തിന് പ്രത്യക്ഷത്തില് ഗുണകരമാണ് രൂപയുടെ മൂല്യത്തകര്ച്ച.
ഡോളറുമായുള്ള വിനിമയ നിരക്കിലും രൂപയുടെ മൂല്യത്തില് റെക്കോർഡ് ഇടിവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 90 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ചരിത്രത്തില് ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ നിലയിലേക്ക് താഴുന്നത്. നിലവില് ഡോളർ ഒന്നിന് 90.29 എന്ന നിരക്കിലാണ് വ്യാപാരം. കഴിഞ്ഞ ദിവസങ്ങലിലെ ഇടിവിന്റെ തുടർച്ചയാണ് ഇന്നും ഉണ്ടായിരിക്കുന്നത്.