ബഹ്റൈനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് ഈടാക്കുന്ന നിലവിലെ രീതി താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് പാർലമെന്റ് അംഗങ്ങൾ അടിയന്തര നിർദ്ദേശം സമർപ്പിച്ചു. ഒരേ ജീവനക്കാർക്കായി കമ്പനികൾക്ക് രണ്ടുതവണ ഇൻഷുറൻസ് തുക നൽകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
ഹസ്സൻ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് നിർദ്ദേശം മുന്നോട്ടുവെച്ചത്. ആരോഗ്യ ഇൻഷുറൻസ് ഫീസ് ഈടാക്കുന്ന നിലവിലെ രീതി സർക്കാർ പുനഃപരിശോധിക്കുകയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി (LMRA) സഹകരിച്ച് ഫീസ് പിരിവിന് വ്യക്തമായ സംവിധാനം രൂപീകരിക്കുകയും ചെയ്യുന്നതുവരെ നടപടികൾ നിർത്തിവെക്കണമെന്നാണ് ആവശ്യം. അംഗീകൃത ഇൻഷുറൻസ് കമ്പനികൾ വഴി ജീവനക്കാർക്ക് നേരത്തെ തന്നെ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയ സ്ഥാപനങ്ങൾക്കും പുതിയ ഫീസ് നൽകേണ്ടിവന്നാൽ ഒരേ ജീവനക്കാർക്കായി ഇരട്ട സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് ഹസ്സൻ ഇബ്രാഹിം ചൂണ്ടിക്കാട്ടി. വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുകൾക്കിടയിൽ ഇത്തരം അധിക ബാധ്യതകൾ കമ്പനികളുടെ നിലനിൽപ്പിനെയും തൊഴിലവസരങ്ങളെയും ബാധിക്കുമെന്നും എംപിമാർ മുന്നറിയിപ്പ് നൽകി.
ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഫീസുകൾ പുനഃപരിശോധിച്ച് സ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷിക്ക് അനുസൃതമായി ക്രമീകരിക്കണമെന്നും നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു. ആരോഗ്യ ഇൻഷുറൻസ് രേഖകൾ, വർക്ക് പെർമിറ്റ്, റെസിഡൻസ് പെർമിറ്റ് നടപടികൾ എന്നിവ ഏകോപിപ്പിക്കുന്ന ലളിതമായ സംവിധാനവും നടപ്പാക്കണം. നിലവിലുള്ള ഇൻഷുറൻസ് പോളിസികൾക്ക് അംഗീകാരം നൽകുന്നതിനുള്ള വ്യക്തമായ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും പെർമിറ്റുകൾ പുതുക്കുമ്പോൾ തൊഴിലുടമകൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ലളിതമാക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. LMRAയും മറ്റ് സർക്കാർ വകുപ്പുകളും തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിലൂടെ ഇരട്ട ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാനാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, ഫീസ് പിരിവ് താൽക്കാലികമായി നിർത്തിവെക്കുന്ന നടപടി തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയെ ബാധിക്കരുതെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. സ്ഥാപനങ്ങളുടെ പ്രവർത്തനം നിലനിർത്താനും തൊഴിലവസരങ്ങൾ സംരക്ഷിക്കാനും അനാവശ്യ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാനും നിർദ്ദേശം സഹായിക്കുമെന്നാണ് എംപിമാരുടെ വിലയിരുത്തൽ.
Content Highlights: Five Bahraini parliament members have proposed temporarily suspending health insurance fees for private sector companies, offering potential financial relief to businesses.