ദേശീയ ദിനാഘോഷങ്ങളെയും പുതുവത്സരത്തെയും വരവേൽക്കാൻ ഡിസംബർ മാസം മുഴുവൻ നീളുന്ന വിപുലമായ ആഘോഷ പരിപാടികളുമായി ബഹ്റൈൻ. 'സെലിബ്രേറ്റ് ബഹ്റൈൻ 2026' (Celebrate Bahrain 2026) എന്ന പേരിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് വാർഷിക ഉത്സവത്തിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. സ്വദേശികൾക്കും പ്രവാസികൾക്കും വിദേശ സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
സംഗീത നിശകൾ, സാംസ്കാരിക കലാപരിപാടികൾ, കായിക മത്സരങ്ങൾ, വമ്പൻ ഷോപ്പിംഗ് ഫെസ്റ്റിവലുകൾ, വർണ്ണാഭമായ വെടിക്കെട്ടുകൾ എന്നിവയെല്ലാം ഈ ആഘോഷത്തിന്റെ ഭാഗമാകും. ബഹ്റൈന്റെ സമ്പന്നമായ പൈതൃകവും ആധുനിക വിനോദങ്ങളും ഒരുപോലെ കോർത്തിണക്കിയാണ് പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക വിനോദ വേദികളും, വ്യാപാര സ്ഥാപനങ്ങളിൽ ആകർഷകമായ വിലക്കുറവും ഓഫറുകളും ഉണ്ടായിരിക്കും.
ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിവിധ സാംസ്കാരിക ഘോഷയാത്രകളും ആഘോഷങ്ങളും നടക്കും. ഡിസംബർ 31-ന് പുതുവത്സരത്തെ വരവേറ്റുകൊണ്ടുള്ള പ്രത്യേക വിരുന്നുകളും ആകാശത്ത് വിസ്മയം തീർക്കുന്ന വെടിക്കെട്ടുമായിരിക്കും ആഘോഷങ്ങളുടെ പ്രധാന ആകർഷണം.
രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാര വാണിജ്യ രംഗത്തിനും വലിയ ഉണർവേകുന്നതിനൊപ്പം, ബഹ്റൈന്റെ ആഘോഷാന്തരീക്ഷവും ആതിഥേയത്വവും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുക എന്നതാണ് 'സെലിബ്രേറ്റ് ബഹ്റൈൻ 2026'-ലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: The Bahrain Tourism and Exhibitions Authority (BTEA) has begun preparations for the fifth edition of Celebrate Bahrain 2026, under the theme ‘Live Every Moment’. The festive season will feature events across the Kingdom, including shopping festivals, heritage programmes, concerts, sporting activities and fireworks. The celebrations are scheduled throughout December 2026.