പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്ക്കരണ നിരക്ക് 80 ശതമാനമാക്കാൻ ബഹ്റൈൻ

പുതുതായി നിയമിക്കുന്നവരെ മാത്രം കണക്കാക്കാതെ, സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ 80 ശതമാനം പരിധി നിശ്ചയിക്കുന്നത്.

ബഹ്‌റൈനിൽ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന സർക്കാർ പദ്ധതികളിൽ സ്വദേശി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ നിർണായക നീക്കം. ഇത്തരം പദ്ധതികളിലെ ജീവനക്കാരിൽ കുറഞ്ഞത് 80 ശതമാനവും ബഹ്‌റൈൻ പൗരന്മാരായിരിക്കണമെന്ന സുപ്രധാന നിയമഭേദഗതിക്ക് പാർലമെന്റ് അംഗീകാരം നൽകി. സ്വദേശികളുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

നിലവിൽ നിർദേശിച്ചിട്ടുള്ള 50 ശതമാനം സ്വദേശിവത്കരണ നിരക്കാണ് 80 ശതമാനമായി ഉയർത്താൻ ശുപാർശ ചെയ്തിരിക്കുന്നത്. ടൂറിസം, ഗതാഗതം, വൈദ്യുതി, ജലവിതരണം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, എണ്ണ-വാതക സേവനങ്ങൾ തുടങ്ങി സർക്കാർ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന എല്ലാ പ്രധാന പദ്ധതികൾക്കും ഈ നിയമം ബാധകമായിരിക്കും. പുതുതായി നിയമിക്കുന്നവരെ മാത്രം കണക്കാക്കാതെ, സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ 80 ശതമാനം പരിധി നിശ്ചയിക്കുന്നത്.

അതേസമയം, ആവശ്യമായ യോഗ്യതയുള്ള ബഹ്‌റൈൻ പൗരന്മാരെ ലഭ്യമാകാത്ത സാഹചര്യങ്ങളിൽ ഇളവ് നൽകാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്. സാങ്കേതിക വൈദഗ്ധ്യം ഏറെ ആവശ്യമായി വരുന്ന മേഖലകളിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഇത്തരമൊരു കരുതൽ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ നിർബന്ധിത സ്വദേശിവത്കരണ നിരക്ക് ഉയർത്തുന്നത് പദ്ധതികളുടെ പ്രവർത്തനച്ചെലവ് കൂട്ടുമെന്നും നിക്ഷേപകരെ പിന്നോട്ടടിപ്പിക്കാൻ ഇടയാക്കുമെന്നും സർക്കാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും, സർക്കാർ സേവനങ്ങൾ സ്വകാര്യവത്കരിച്ച ശേഷവും സ്വദേശികളുടെ തൊഴിൽ പങ്കാളിത്തം കൃത്യമായി സംരക്ഷിക്കപ്പെടണമെന്നാണ് നിയമഭേദഗതിയെ പിന്തുണയ്ക്കുന്ന പാർലമെന്റ് അംഗങ്ങളുടെ നിലപാട്.

Content Highlights: Bahrain’s Parliament has approved a proposal to require at least 80% Bahraini employees in privatised government projects, raising concerns about employment opportunities for expatriates

To advertise here,contact us