ബഹ്റൈനിൽ സ്ഥാപനങ്ങൾ തുടങ്ങുവാൻ വേണ്ട അനുമതി ആയ കൊമേഴ്സ്യൽ രജിസ്ട്രേഷൻ (സിആർ) ലൈസൻസിങ് ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 2,500 ദിനാർ വരെ ഭരണപരമായ പിഴ ചുമത്താൻ പുതിയ ഉത്തരവ്. വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റുവാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉടമസ്ഥാവകാശം മറച്ചുവെക്കുക, തെറ്റായ വിവരങ്ങൾ നൽകുക, നികുതി തിരിച്ചറിയൽ നമ്പറുമായി (ടി.ഐ.എൻ) ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾക്ക് 2,500 ദിനാർ വരെ പിഴ ചുമത്തും.
സിആർ ഇല്ലാതെ സ്ഥാപനം നടത്തുക, അടച്ചുപൂട്ടൽ ഉത്തരവ് ലംഘിച്ച് പ്രവർത്തിക്കുക എന്നിവയ്ക്ക് 500 ദിനാറാണ് പിഴ. ലൈസൻസ് നമ്പറിൽ കൃത്രിമം കാണിച്ചാൽ 200 ദിനാറും, ലൈസൻസില്ലാതെ അനുബന്ധ ബിസിനസ് നടത്തിയാൽ 100 ദിനാറും പിഴ നൽകണം. രജിസ്റ്റർ ചെയ്ത വിലാസത്തിന് പുറത്തു പ്രവർത്തിക്കുക, ആവശ്യപ്പെട്ട രേഖകൾ സമയത്ത് സമർപ്പിക്കാതിരിക്കുക, സിആർ സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും പിഴയുണ്ട്.
പുതിയ ഉത്തരവിലെ ഭൂരിഭാഗം വ്യവസ്ഥകളും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസത്തിനുശേഷം പ്രാബല്യത്തിൽ വരും. എന്നാൽ ഉടമസ്ഥാവകാശം, നികുതി വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ ഉടൻ നടപ്പാക്കും. 2015ലെ 27-ാം നമ്പർ ഉത്തരവിലാണ് ഈ പരിഷ്കാരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
Content Highlights: Bahrain has introduced administrative fines of up to 2,500 dinars for violations of commercial registration and licensing rules under a new ministerial order.