രാജ്യത്തെ സ്വദേശികൾക്കിടയിൽ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും അത് സൃഷ്ടിക്കുന്ന കടുത്ത സാമ്പത്തിക, മാനസിക ആഘാതങ്ങളും ചർച്ച ചെയ്ത് ബഹ്റൈൻ പാർലമെന്റ്. തൊഴിലില്ലായ്മ കാരണം പൗരന്മാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലും മാനസിക സമ്മർദ്ദത്തിലുമാണ് കഴിയുന്നതെന്ന് ചൂണ്ടിക്കാട്ടിയ എംപിമാർ, വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.
തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായ ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രായോഗികവും കൃത്യവുമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് പാർലമെന്റ് ഒന്നാം ഡെപ്യൂട്ടി സ്പീക്കർ ജലീല അൽ സയ്യിദ് വ്യക്തമാക്കി. സ്വദേശി യുവാക്കൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കേണ്ടത് രാജ്യത്തിന്റെ സാമൂഹിക ഭദ്രതയ്ക്ക് അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഒരു കുടുംബത്തിൽ രണ്ട് സഹോദരങ്ങളെങ്കിലും തൊഴിലില്ലാതെ കഴിയുന്ന സാഹചര്യമുണ്ടെങ്കിൽ, അവർക്ക് മുൻഗണനാടിസ്ഥാനത്തിൽ ജോലി ലഭ്യമാക്കാൻ സർക്കാർ പ്രത്യേക പദ്ധതികൾ തയ്യാറാക്കണമെന്ന് സ്പീക്കർ അഹമ്മദ് അൽ മുസല്ലം നിർദ്ദേശിച്ചു. ഇത്തരം കുടുംബങ്ങൾക്ക് ആദ്യ പരിഗണന നൽകി തൊഴിൽ വിപണിയിൽ അവസരങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Bahrain lawmakers are calling for urgent measures to tackle unemployment, expand job opportunities for citizens and prioritise qualified Bahrainis in suitable public and private sector roles.