ബഹ്‌റൈനിൽ ആവേശമായി കൊല്ലം പ്രവാസി അസോസിയേഷന്റെ 'പൊന്നോണം 2026'

ആഘോഷങ്ങളുടെ ഭാഗമായി ആയിരത്തിമുന്നൂറിലധികം പേർക്കാണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്

കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പൊന്നോണം 2026' അദാരി പാർക്കിൽ വെച്ച് അതിവിപുലമായി ആഘോഷിച്ചു. ബഹ്‌റൈനിലെ പത്ത് ഏരിയകളിൽ നിന്നുള്ള അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്ത ചടങ്ങ് പ്രവാസി മലയാളികളുടെ ഒത്തൊരുമയുടെയും കേരളീയ സംസ്‌കാരത്തിന്റെയും സ്നേഹസംഗമമായി മാറി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ആഘോഷങ്ങളുടെ ഭാഗമായി ആയിരത്തിമുന്നൂറിലധികം പേർക്കാണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്. മുതിർന്ന കലാകാരന്മാരുടെയും, പ്രവാസശ്രീ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും കെപിഎ സിംഫണിയുടെ ഗാനമേളയും ആഘോഷത്തിന് മാറ്റുകൂട്ടി. വിവിധ സാംസ്കാരിക പരിപാടികളും സംഗീതവിരുന്നും കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആവേശകരമായ അനുഭവമായി മാറി.

കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊന്നോണം 2026 ജനറൽ കൺവീനർ സന്തോഷ് കാവനാട് സ്വാഗതം പറഞ്ഞു. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, സാമൂഹിക പ്രവർത്തകൻ സുബൈർ കണ്ണൂർ, കെപിഎ രക്ഷാധികാരി ചന്ദ്രബോസ്, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.

കെപിഎ വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അനൂബ് തങ്കച്ചൻ തുടങ്ങിയ ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. അസിസ്റ്റന്റ് ട്രഷറർ സിദ്ദീഖ് ഷാൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരുടെയും അംഗങ്ങളുടെയും സജീവ പങ്കാളിത്തം പൊന്നോണം 2026-നെ അവിസ്മരണീയമായ ആഘോഷമാക്കി മാറ്റി.

Content Highlights: Kollam Pravasi Association’s Ponnonam 2026 was celebrated on a grand scale at Adhari Park in Bahrain. Members from the association’s 10 areas took part in the event, which featured a traditional Onam feast for more than 1,300 people, cultural performances by artists, children and Pravasisree members, and a musical programme by KPA Symphony. Bahrain Keraleeya Samajam President P. V. Radhakrishna Pillai inaugurated the celebration.

To advertise here,contact us