ബഹ്റെെനിലെ മുഹറഖിലെ ചരിത്രപ്രസിദ്ധമായ അൽ കാസിനോ പാർക്ക് നവീകരണത്തിനുശേഷം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. 6.17 ലക്ഷം ബഹ്റെെൻ ദിനാർ ചെലവഴിച്ചാണ് പാർക്ക് നവീകരണം നടത്തിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 470-ലധികം മരങ്ങൾ നട്ടുപിടിപ്പിച്ചതിനൊപ്പം നടപ്പാതയും വിവിധ കായിക വിനോദങ്ങൾക്ക് ഉപയോഗിക്കാവുന്ന കോർട്ടും ഒരുക്കിയിട്ടുണ്ട്. 23,158 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്കിന്റെ നവീകരണം 2023 ൻ്റെ പകുതിയിലാണ് ആരംഭിച്ചത്. മുഹറബ് മുനിസിപ്പൽ കൗൺസിലിന്റെ നിർദേശപ്രകാരം മുനിസിപ്പാലിറ്റി, കൃഷി കാര്യ മന്ത്രാലയമാണ് പുനർവികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത്.
മുഹറബിന്റെ ചരിത്രപരവും സാംസ്കാരികവുമായ തനിമ നിലനിർത്തിക്കൊണ്ട് നഗരത്തിലെ പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി. മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രി വലേൽ ബിൻ നാസർ അൽ മുബാറക് (Wael bin Nasser Al Mubarak) നവീകരിച്ച പാർക്ക് ഉദ്ഘാടനം നിർവഹിച്ചു. മുഹറഖ് ഗവർണർ സൽമാൻ ബിൻ ഇസ ബിൻ ഹിൻഡി അൽ മന്നായ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആധുനിക കളിയുപകരണങ്ങളും റബ്ബർ പ്രതലത്തോടുകൂടിയ കളിസ്ഥലവും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. നടപ്പാതകൾ, മെച്ചപ്പെട്ട വെളിച്ചം, വ്യായാമത്തിനുള്ള വാംഅപ് ഏരിയ, പൊതുസൗകര്യങ്ങൾ, പാർക്കിങ് സംവിധാനം എന്നിവയും നവീകരിച്ചിട്ടുണ്ട്.
480 ഓളം മരങ്ങൾ പുതുതായി നട്ടുപിടിപ്പിച്ചതോടെ പാർക്കിലെ ആകെ മരങ്ങളുടെ എണ്ണം 536 ആയി. ചെടികൾക്ക് ആവശ്യമായ വെള്ളം നൽകാൻ ഓട്ടോമാറ്റിക് ജലസേചന സംവിധാനവും സ്ഥാപിച്ചു. 1960 കളുടെ അവസാനത്തിൽ സ്ഥാപിതമായ പാർക്ക് ആദ്യകാലത്ത് ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ വിനോദകേന്ദ്രമായിരുന്നു. അന്ന് കാസിനോ ഗാർഡൻ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം പിന്നീട് മുഹറഖിലെ താമസക്കാർക്കും മറ്റും പ്രിയപ്പെട്ട പൊതു ഇടമായി മാറി. പുനർവികസനത്തിന് മുമ്പ് പാർക്കിൽ ആവർത്തിച്ചുള്ള നവീകരണവും ഉപകരണങ്ങൾക്ക് കേടുപാടുകളും ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. മുഹറഖ് വികസന പദ്ധതിയുടെ ഭാഗമായി ഈ സൗകര്യങ്ങൾ നവീകരിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ ഇടമായി മാറ്റുകയാണ് അധികൃതരുടെ ലക്ഷ്യം.
Content Highlights: Bahrain’s historic Al Casino Park in Muharraq has reopened to the public after renovation work, featuring upgraded walking paths, playgrounds, sports facilities and expanded green spaces.