രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങൾക്കായി മരുന്നുകൾ രജിസ്റ്റർ ചെയ്യുന്നതിനും നിലവിലുള്ള രജിസ്ട്രേഷൻ പുതുക്കുന്നതിനുമായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) പുതിയ ഡിജിറ്റൽ സേവനങ്ങൾ ആരംഭിച്ചു. ‘മെഡിക്കേഷൻസ് സിസ്റ്റം’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സംവിധാനത്തിലൂടെ മൂന്ന് പ്രധാന സേവനങ്ങളാണ് അതോറിറ്റി ലഭ്യമാക്കുന്നത്. മരുന്ന് രജിസ്ട്രേഷൻ (അക്രഡിറ്റേഷൻ), മരുന്ന് രജിസ്ട്രേഷൻ (റെഗുലർ ട്രാക്ക്), മരുന്ന് രജിസ്ട്രേഷൻ പുതുക്കൽ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നതോടെ മരുന്ന് രജിസ്ട്രേഷൻ നടപടികളുടെ വേഗത ഗണ്യമായി വർദ്ധിക്കും. അക്രഡിറ്റേഷൻ സേവനത്തിനായുള്ള കാത്തിരിപ്പ് സമയം 10 പ്രവൃത്തി ദിവസങ്ങളിൽ നിന്ന് വെറും മൂന്ന് ദിവസമായി കുറച്ചിട്ടുണ്ട്. കൂടാതെ റെഗുലർ ട്രാക്ക് വഴിയുള്ള രജിസ്ട്രേഷൻ സമയം 45 ദിവസത്തിൽ നിന്ന് 35 ദിവസമായും മരുന്ന് രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സമയം 30ൽ നിന്ന് 25 പ്രവൃത്തി ദിവസങ്ങളായും ചുരുക്കി.
അപേക്ഷാ ഘട്ടങ്ങളും സമർപ്പിക്കേണ്ട രേഖകളുടെ എണ്ണവും വെട്ടിച്ചുരുക്കി നടപടിക്രമങ്ങൾ പരമാവധി ലളിതമാക്കിയതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. സേവനങ്ങൾ ഡിജിറ്റലാക്കിയതിലൂടെ ആരോഗ്യ മേഖലയിലെ ഗുണനിലവാരം ഉയർത്താനും സ്ഥാപനങ്ങൾക്ക് കൂടുതൽ വേഗത്തിൽ അനുമതി ലഭ്യമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Bahrain has introduced a new digital system for medicine registration as part of efforts to streamline procedures and improve service delivery. The new platform is expected to make registration processes faster and more efficient for those using pharmaceutical and healthcare-related services.