ബഹ്റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടുള്ള വിശ്വസ്തതയും രാജ്യത്തോടുള്ള പ്രതിബദ്ധതയും പ്രഖ്യാപിച്ച് പ്രവാസി സംഘടനയായ ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ വിശ്വസ്തതാ പ്രതിജ്ഞാ ഒപ്പിടൽ ചടങ്ങ് സംഘടിപ്പിച്ചു. സൽമാനിയയിലെ പ്രതിഭാ സെന്ററിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. സംഘടനയിലെ നിരവധി ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
രാജാവിനോടും ബഹ്റൈൻ രാജ്യത്തോടുമുള്ള തങ്ങളുടെ അചഞ്ചലമായ കൂറും ഭരണനേതൃത്വത്തോടുള്ള പൂർണ്ണ പിന്തുണയും പ്രതിജ്ഞയിലൂടെ അംഗങ്ങൾ ആവർത്തിച്ചു. ബഹ്റൈന്റെ സുരക്ഷയും സ്ഥിരതയും ദേശീയ ഐക്യവും കാത്തുസൂക്ഷിക്കുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്തം പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാവരും ഉയർത്തിപ്പിടിക്കണമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വികസന-പുരോഗതി പ്രയാണത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം അനിവാര്യമാണെന്നും പ്രതിഭ ഭാരവാഹികൾ വ്യക്തമാക്കി.
രാജ്യത്തിന്റെ സമാധാനവും സാമൂഹിക സൗഹാർദ്ദവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഇത്തരത്തിലുള്ള ഒത്തുചേരലുകൾ പ്രചോദനമാകുമെന്ന് ചടങ്ങിൽ ചൂണ്ടിക്കാട്ടി. പങ്കെടുത്ത പ്രതിഭ അംഗങ്ങൾ വിശ്വസ്തതാ പ്രതിജ്ഞാപത്രത്തിൽ ഒപ്പുവെച്ച് രാജ്യത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടിയുള്ള തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു.
പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി സുലേഷ് വി.കെ, പ്രസിഡന്റ് മഹേഷ് കെവി, രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Content Highlights: Bahrain Prathibha participated in the national loyalty pledge campaign by signing the pledge in support of His Majesty King Hamad bin Isa Al Khalifa and the Kingdom of Bahrain. The initiative reflects solidarity with the nation's leadership and commitment to Bahrain's unity and stability.