യുവാക്കളെ ലഹരിയിൽ നിന്ന് മോചിപ്പിക്കുക ലക്ഷ്യം; പ്രത്യേക ബോധവത്ക്കരണ പരിപാടിയുമായി ബഹ്റൈൻ

അപകടകരമായ ലഹരിവസ്തുക്കള്‍ സുരക്ഷിതമാണെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ ലഹരി മാഫിയ തെറ്റായ പേരുകള്‍ ഉപയോഗിക്കുന്നതായി അധികൃതർ

ബഹ്റൈനില്‍ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ 'അല്‍ അമന്‍ പ്രോഗ്രാം. അപകടകരമായ ലഹരിവസ്തുക്കള്‍ സുരക്ഷിതമാണെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ ലഹരി മാഫിയ തെറ്റായ പേരുകള്‍ ഉപയോഗിക്കുന്നതായി കേണല്‍ ഡോ. ഒസാമ ബഹാര്‍ വ്യക്തമാക്കി.

സിന്തറ്റിക് ഹാഷിഷ് പോലുള്ള മാരക വസ്തുക്കള്‍ സിബിഡി എന്ന പേരില്‍ വിപണിയിലെത്തിക്കുന്നതായും ഇത് ഔഷധഗുണമുള്ളതാണെന്ന് മാതാപിതാക്കളെയും യുവാക്കളെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി വ്യാപക പ്രചരണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. പിടിക്കപ്പെട്ടാല്‍ ഇത് മരുന്നാണെന്ന് പറയാമെന്ന് പറഞ്ഞാണ് കൗമാരക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്.

ചില രാജ്യങ്ങളില്‍ യഥാര്‍ത്ഥ സിബിഡി കര്‍ശന മെഡിക്കല്‍ മേല്‍നോട്ടത്തില്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അനധികൃതമായി വിതരണം ചെയ്യപ്പെടുന്നത് അപകടകരമായ സിന്തറ്റിക് ലഹരി മരുന്നുകളാണ്. ഇവ ഗുരുതരമായ ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്നും ലഹരിയുടെ സ്വാധീനം കുടുംബങ്ങള്‍ക്കും ഭീഷണിയാണെന്നും ആഭ്യന്തര മന്താലയം മുന്നറിയിപ്പ് നല്‍കി.

Content Highlights: Amid growing concerns over substance abuse among youngsters, Bahrain has introduced a special awareness initiative focused on protecting youth from drug addiction and promoting anti-drug awareness in society.

To advertise here,contact us