ബഹ്റൈനിലെ സ്വകാര്യ സ്കൂള്‍ അധ്യാപകരുടെ ലൈസന്‍സ് ഫീസ് സര്‍ക്കാര്‍ വഹിക്കണമെന്ന് പാര്‍ലമെന്റില്‍ നിര്‍ദ്ദേശം. പ്രൊഫഷണല്‍ പരിശീലനത്തിനായി ഈടാക്കുന്ന ഉയര്‍ന്ന ഫീസ് ഒഴിവാക്കണമെന്നാണ് എംപിമാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നത്. ബഹ്റൈനിലെ സ്വകാര്യ സ്കൂള്‍ അധ്യാപകര്‍ പ്രൊഫഷണല്‍ ലൈസന്‍സ് നേടുന്നതിനായി അടയ്ക്കേണ്ട 500 ദിനാര്‍ പരിശീലന ഫീസ് ഒഴിവാക്കുകയോ സര്‍ക്കാര്‍ തന്നെ വഹിക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരിക്കുന്നത്.
എംപി ഹനാന് ഫര്‍ദാനും മറ്റ് നാല് ജനപ്രതിനിധികളും ചേര്‍ന്നാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. അധ്യാപകര്‍ക്ക് നിര്‍ബന്ധമായ ടീച്ചര്‍ പ്രൊഫഷണലൈസേഷന് പ്രോഗ്രാം പൂര്‍ത്തിയാക്കുന്നതിനായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് ഗുരുതരമായ സാമ്പത്തിക സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്ന് എംപി ചൂണ്ടിക്കാട്ടി. അതേസമയം വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്ക് ഈ പരിശീലനം സൗജന്യമായി ലഭിക്കുന്നെണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.
പല സ്വകാര്യ സ്കൂള്‍ അധ്യാപകരുടെയും മാസശമ്പളത്തിന് തുല്യമായ തുകയാണ് പരിശീലനത്തിനായി നല്‍കേണ്ടി വരുന്നത്. ഇത് അധ്യാപകര്‍ക്ക് വലിയ ബാധ്യതയാകുന്നതായും നിര്‍ദ്ദേശത്തില്‍ പറയുന്നു. തംകീന്റെ ഭാഗികമായി സാമ്പത്തിക സഹായം നല്‍കുന്നുണ്ടെങ്കിലും ബാക്കി വരുന്ന തുക പലര്‍ക്കും നല്കാന് കഴിയാത്ത് സാഹചര്യമാണ് നിലവിലുളളതെന്നും എംപിമാര്‍ ചൂണ്ടികാട്ടി. പരിമിതമായ സമയത്തിനുള്ളില്‍ ഈ തുക കണ്ടെത്തേണ്ടി വരുന്നത് അധ്യാപകരുടെ ജോലിസ്ഥിരതയെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നു.
സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്ക് ലഭിക്കുന്നതുപോലെ തന്നെ പരിശീലന സൗകര്യങ്ങളും തൊഴില്‍ വളര്‍ച്ചയ്ക്കുള്ള പിന്തുണയും സ്വകാര്യ മേഖലയിലെ അധ്യാപകര്‍ക്കും ലഭ്യമാക്കണമെന്നും നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രധാനപ്പെട്ട ഈ വിഭാഗത്തിന്റെ തൊഴില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
Content Highlights: Bahrain Parliament has suggested that the government should bear the license fee of private school teachers, aiming to support educators and strengthen the education sector.