ബഹ്റൈനിൽ സിന്തറ്റിക് മയക്കുമരുന്ന് വിൽപ്പന വ്യാപകമാകുന്നു; മുന്നറിയിപ്പുമായി അധികൃതർ

മാരകമായ വിഷാംശങ്ങളും രാസവസ്തുക്കളും നിറഞ്ഞതാണ് പുതിയ സിന്തറ്റിക് മയക്കുമരുന്ന്

ബഹ്റൈനില്‍ പുതിയ രീതിയിലുള്ള സിന്തറ്റിക് മയക്കു‌മരുന്ന് വില്പന വ്യാപകമാകുന്നതായി കണ്ടെത്തല്‍. സാധാരണ കടലാസുകളില്‍ മയക്കുമരുന്ന് ലായനി ചേര്‍ത്താണ് ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നത്. ഇത്തരം സംഘങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അക്കാര്യം അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വിവരങ്ങള്‍ കൈമാറുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം ഉറപ്പുനല്‍കി.

സാധാരണ പേപ്പര്‍ പോലെ തോന്നിക്കുമെങ്കിലും മാരകമായ വിഷാംശങ്ങളും രാസവസ്തുക്കളും നിറഞ്ഞതാണ് പുതിയ സിന്തറ്റിക് മയക്കുമരുന്ന്. ഇത്തരം കടലാസുകള്‍ ചെറിയ കഷ്ണങ്ങളാക്കി പൈപ്പുകളില്‍ വെച്ചോ പുകയിലയ്ക്കൊപ്പം ചേര്‍ത്തോ ആണ് ഉപയോഗിക്കുന്നത്. ജയിലുകളിലും വിദ്യാലയങ്ങളിലും പരിശോധനകള്‍ മറികടന്ന് ഇത് എത്തിക്കാന്‍ എളുപ്പമാണ്. പ്രിന്റര്‍ പേപ്പറുകളിലും എഫോര്‍ ഷീറ്റുകളിലും മയക്കുമരുന്ന് കലര്‍ത്തിയ രാസലായനികള്‍ ഒഴിച്ച് ഉണക്കിയെടുത്താണ് വില്‍പ്പന. ഇത്തരം പുതിയ രീതിക്കെതിരെ ശക്തമായ മുന്നറിയിപ്പുനല്‍കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.

വീട്ടിലെ മുറികളിലോ വാഹനങ്ങളിലോ ഫോണ്‍ കവറുകള്‍ക്കുള്ളിലോ ഇത്തരം പേപ്പറുകള്‍ കണ്ടാല്‍ അത് വെറും കടലാസാണെന്ന് കരുതി അവഗണിക്കരുതെന്ന് രക്ഷിതാക്കള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. എണ്ണമയമുള്ളതോ ചെറിയ കഷ്ണങ്ങളാക്കിയതോ ആയ പേപ്പറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജാഗ്രത പാലിക്കണമെന്നും അതില്‍ മയക്കുമരുന്ന് സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കയയരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ അക്രമാസക്തരാകാനും കുടുംബാംഗങ്ങളോട് മോശമായി പെരുമാറാനുമുള്ള സാധ്യത കൂടുതലാണ്. ഇത്തരം ലഹരി മരുന്നുകള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും ബഹ്‌റൈന്‍ പൊലീസ് ആരംഭിച്ചു. കടുത്ത ശിക്ഷാ നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. മയക്കുമരുന്ന് വില്‍പ്പനയോ ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇ-മെയില്‍ വഴിയും ഹോട്ട്‌ലൈന്‍ നമ്പറുകള്‍ വഴിയും വിവരങ്ങള്‍ കൈമാറാനാകും.

Content Highlights: Authorities in Bahrain have issued a warning as the sale of synthetic drugs is increasing in the country. Strict measures are being taken to curb drug trafficking and protect public safety.

To advertise here,contact us