സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും കഴിയുന്ന മൂന്ന് കുടുംബങ്ങള്‍. അവരുടെ വീടുകളിലേക്ക് ചില അതിഥികള്‍ വരുന്നു. പക്ഷെ ഇവര്‍ ക്ഷണിച്ചിട്ട് വന്നവരല്ല ഈ അതിഥികള്‍. മാത്രമല്ല ഇവര്‍ വന്ന് കയറുന്നതോടെ കുടുംബത്തിലെ സമാധാനം നഷ്ടപ്പെടാന്‍ തുടങ്ങുകയാണ്. അതിനെ ഓരോ കുടുംബങ്ങളും പല രീതിയിലാണ് നേരിടുന്നത്. ഒരാള്‍ വന്‍ ബുദ്ധി, മറ്റേ ടീം ഫുള്‍ ഫണ്‍, വേറൊരു കുടുംബമാണെങ്കിലോ അടിമുടി ആക്ഷന്‍…. അങ്ങനെ ഴോണറേതായാലും ഈ കുടുംബങ്ങളെ പ്രേക്ഷകര്‍ക്ക് അങ്ങ് ബോധിച്ചു. മൂന്ന് സിനിമകളും സൂപ്പര്‍ ഹിറ്റുമായി. പറഞ്ഞുവരുന്നത്, മോഹിനിയാട്ടം, ദൃശ്യം 3, ബ്ലാസ്റ്റ് എന്നീ ചിത്രങ്ങളെ കുറിച്ചാണ് എന്ന് ഏകദേശം പിടികിട്ടി കാണുമല്ലോ ലേ….
ക്ഷണിക്കപ്പെടാത്ത അതിഥികളില്‍ കൂടെ ഹിറ്റ് നേടിയ ചിത്രങ്ങളുടെ ഒരു സീസണ് ആണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇക്കൊല്ലം മലയാളത്തില്‍ രണ്ട് ക്ഷണിക്കപ്പെടാത്ത അതിഥികളാണ് ബോക്സ് ഓഫീസിനെ വിറപ്പിക്കുന്ന കളക്ഷന്‍ നേടിയത്. മലയാളത്തിലെ ഐകോണിക് സിനിമകളുടെ എല്ലാം റഫറന്‍സുകള്‍ തുന്നി ചേര്‍ത്ത് എത്തിയ ചിത്രമായിരുന്നു മോഹനിയാട്ടം. ഭരതനാട്യം എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ചിത്രം. ഏപ്രില്‍ 10 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം നേടിയത് അപ്രതീക്ഷ വിജയമായിരുന്നു.
ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍ കോമഡിയും ക്രൈമും കൂടി കലര്‍ന്ന സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഏകദേശം 6 കോടിക്കടുത്ത് ബജറ്റ് ഉള്ള സിനിമ തിയേറ്ററില്‍ 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ആണ് നേടിയത്. സൈജു കുറുപ്പിന്റെ കരിയറിലെ 150-ാ മത്തെ ചിത്രമാണ് മോഹിനിയാട്ടം. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും ബേബി ജീനിന്റെയും കലാരഞ്ജിനിയുടെയും നന്ദു പൊതുവാളിന്റെയും തുടങ്ങി ഓരോരുത്തരുടെയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ ലഭിച്ചത്. ചെയ്യുന്നത് ഒരു കൊലപാതകം ആണെങ്കിലും അതില്‍ ഹ്യൂമറുകള്‍ നിറച്ച് കാണികളെ കൂടെ ചാര്‍ജ് ചെയ്യുന്ന ചിത്രമായിരുന്നു മോഹിനിയാട്ടം.
അടുത്ത വരവ് ദൃശ്യം 3യുടേതായിരുന്നു. ക്ഷണിക്കപ്പെടാത്ത അതിഥി എന്ന ടാഗ് മലയാളികളുടെ ഉള്ളില്‍ ആദ്യമേ പതിപ്പിച്ച ചിത്രം. ദൃശ്യത്തിന്റെ കഥ അറിയാത്ത മലയാളികള്‍ വളരെ കുറവായിരിക്കും. കുടുംബത്തെ രക്ഷിക്കാന്‍ പെടാപ്പാടുപെടുന്ന ജോര്‍ജ്ജുകുട്ടിയുടെ ഫാന്‍സ് ആണ് ഇന്ന് കേരളത്തില്‍ തിങ്ങി നിറഞ്ഞിരിക്കുന്നത്. സിനിമയുടെ മൂന്നാം ഭാഗമാണ് ഇപ്പോള്‍ കേരളാ ബോക്സ് ഓഫീസിനെ ഭരിക്കുന്നത്. ഒരു ഫ്രാഞ്ചൈസിയുടെ മൂന്ന് ഭാഗങ്ങളും ഹിറ്റടിക്കുന്നത് വളരെ അപൂര്‍വ്വമായി നടക്കുന്ന കാര്യമാണ്. എന്നാല്‍ ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്ന് ഭാഗങ്ങളും വെറും ഹിറ്റല്ല സൂപ്പര്‍ ഹിറ്റായി. മെയ് 21നാണ് ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും തിയേറ്ററുകളിലെത്തിയത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികള്‍ തെളിവാണ്.
സാധാരണ കൊമേഷ്യല്‍ സിനിമയെ അപേക്ഷിച്ച് ദൃശ്യം ഫ്രാഞ്ചൈസിയുടെ ബജറ്റ് താരതമ്യേന കുറവായിരിക്കും. 2013 ല്‍ സിനിമയുടെ ആദ്യ ഭാഗത്തിന്റെ ബജറ്റ് ഏകദേശം 5 കോടി ആയിരുന്നു. എന്നാല്‍ ചിത്രം അന്ന് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 62 കോടിയാണ്. ഇന്ന് ദൃശ്യം 3 യിലേക്ക് വരുമ്പോള്‍ റീലീസ് ചെയ്ത ആദ്യ ദിവസത്തെ കളക്ഷന്‍ 50 കോടിയാണ്. 100 ഉം, 200 ഉം കോടി കടന്ന് ചിത്രം ഇപ്പോള്‍ 300 കോടിയിലേക്കാണ് കുതിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗം കോവിഡ് സമയത്ത് ഒടിടി റീലീസ് ആയിട്ടു കൂടി മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പാന്‍ ഇന്ത്യന്‍ ലെവലില്‍ ചിത്രം ശ്രദ്ധ നേടുകയും ചെയ്തു.
ഇപ്പോഴിതാ മോഹിനിയാട്ടത്തിനും ദൃശ്യത്തിനും ശേഷം ഈ വര്‍ഷത്തെ അടുത്ത ക്ഷണിക്കപ്പെടാത്ത അതിഥിയുടെ പെര്‍ഫോമന്‍സാണ് ശ്രദ്ധ നേടുന്നത്. ഈ വരവ് തമിഴില്‍ നിന്നാണ്. അര്ജുന് സര്‍ജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ബ്ലാസ്റ്റ് ആണ് ഇക്കൂട്ടത്തിലേക്ക് അടുത്ത എന്‍ട്രി നടത്തിയിരിക്കുന്നത്. ഒരു ഹൈപ്പുമില്ലാതെ വന്ന ഒരു ചെറിയ തമിഴ് സിനിമ, എന്നാല്‍ ആ സിനിമ ഇപ്പോള്‍ ബോക്സോഫീസില്‍ ഇടിവെട്ട് ആവുന്ന കാഴ്ചയ്ക്കാണ് സിനിമാലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. സമാധാനപരമായി പോകുന്ന കുടുംബജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന ചില അതിഥികള്‍ ഇവിടെയും ഉണ്ട്, ഇപ്പോള്‍ 'ദൃശ്യ'ത്തിലെ ജോര്‍ജ്കുട്ടിയേയും കുടുംബത്തെയും ഓര്മ വന്നേക്കാം. പക്ഷേ രണ്ടു സിനിമകളും തമ്മിലുള്ള സാമ്യം ഈയൊരു പോയിന്റില്‍ തീരുന്നു. വര്‍ക്ക് വേറെയാണ്.
പ്രീതി മുകുന്ദന്, അഭിരാമി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അര്‍ജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും പോസിറ്റീവ്. ഫാമിലി സെന്റിമെന്റ്സ് പ്ലസ് high octane ആക്ഷന്‍ എന്ന അപൂര്‍വ്വ കോമ്പിനേഷന്‍ ആണ് സംവിധായകന് സുഭാഷ് കെ രാജ് പരീക്ഷിച്ചിരിക്കുന്നത്. റീലീസ് ചെയ്ത ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രം 26 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്. സിനിമയുടെ കളക്ഷന്‍ ഇനിയും ഉയരാനാണ് സാധ്യത. ഈ മൂന്ന് സിനിമകളുടെയും അടുത്ത ഭാഗത്തിന്റെ സൂചനകളും തന്ന് തന്നെയാണ് സിനിമകള്‍ അവസാനിക്കുന്നത്. ഇവര്‍ ഈ ഒരു ഫോമില്‍ തുടര്‍ന്നാല്‍ ക്ഷണിക്കപ്പെടാത്ത അതിഥികള്‍ ഒരു സൂപ്പര്‍ ഹിറ്റ് ഫോര്‍മുലയായി മാറിയേക്കാം.
Content Highlights:The trend of surprise appearances and unannounced guest roles continues to generate buzz in the film industry. Films like Mohiniyattam, Drishyam 3, and Blast have benefited significantly from the excitement surrounding their unexpected cameos and special appearances. These surprise elements have fueled discussions on social media, encouraged repeat viewings, and contributed to strong box office performances.