നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ചിത്രം ഇന്നസെന്റ് റിലീസിനൊരുങ്ങുകയാണ്. അൽത്താഫ് സലിം നായകനാകുന്ന ഈ ചിത്രത്തിൽ അനാർക്കലി മരിക്കാർ ആണ് നായികയായി എത്തുന്നത്. ടെലിവിഷൻ മേഖലയിൽ നിന്ന് ലഭിച്ച എക്സ്പീരിയൻസ് കൊണ്ട് സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് സംവിധായകൻ സതീഷ്. ഈ സിനിമ ഉണ്ടായത് എങ്ങനെയാണെന്നും സോഷ്യൽ മീഡിയ താരം കിലി പോൾ എത്തിയതിനെക്കുറിച്ചും റിപ്പോർട്ടറിനോട് സംസാരിക്കുകയാണ് അദ്ദേഹം.
ഉപ്പും മുളകും എന്ന സീരിയലിന്റെ സംവിധായകനിൽ നിന്ന് സിനിമയിലേക്ക് എത്തുമ്പോൾ?
ഉറപ്പായും, ടെലിവിഷൻ മേഖലയിൽ നിന്ന് ലഭിച്ച എക്സ്പീരിയൻസ് കൊണ്ട് മാത്രമാണ് സിനിമയിലേക്ക് എത്താൻ കഴിഞ്ഞത്. എട്ടു വര്ഷമായിട്ട് ടെലിവിഷനില് വര്ക്ക് ചെയ്യുന്നു. ഉപ്പും മുളകും എന്ന പരമ്പരയുടെ സംവിധായകനായിരുന്നു ഞാൻ. ഒരുപാട് ഫിക്ഷൻ പരിപാടികൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ ടെലിവിഷന് പരിപാടികൾ നിർത്തിയിട്ട് സിനിമ നോക്കാം എന്ന് വിചാരിച്ചു.
അൽത്താഫ് സലിമിലേക്കും അനാർക്കയിലേക്കും എത്തിയത് എങ്ങനെയാണ് ?
സ്ക്രിപ്റ്റ് പൂർത്തിയാക്കിയ സമയത്ത് തന്നെ അൽത്താഫിനോട് കഥ പറഞ്ഞിരുന്നു. പ്രൊഡക്ഷൻ തുടങ്ങും മുന്നേ കഥ പറഞ്ഞിരുന്നു. ജോ മോനെ അൽത്താഫ് ആണ് സജസ്റ്റ് ചെയ്യുന്നത്. അനാർകലിയെയും വിളിച്ച് കഥ കേൾക്കാൻ പറഞ്ഞത് അൽത്താഫ് തന്നെയാണ്. രാത്രി 12 മണിക്കാണ് അനാർക്കലി കഥ കേൾക്കുന്നത്, കേട്ട് കഴിഞ്ഞപ്പോൾ തന്നെ ഓക്കേ പറഞ്ഞു. എല്ലാവരും സുഹൃത്തുക്കളാണ്.
ആഫ്രിക്കൻ താരം കിലി പോളിനെ കൊണ്ടുവരാനുള്ള ചിന്ത വന്നതെങ്ങനെ?
നടനും അവതാരകനുമായ മിഥുന് രമേശ് അടുത്ത സുഹൃത്താണ്. മിഥുന് ജോലി ചെയ്യുന്ന എഫ്എമ്മില് കിലി പോള് വന്നിട്ടുണ്ടായിരുന്നു. മിഥുനാണ് കിലിയുടെ നമ്പര് തന്നത്. ഞാന് കിലിയെ ബന്ധപ്പെട്ടെങ്കിലും ഒരു ആറു മാസത്തോളം എടുത്തു അവനുമായി കമ്പനിയായി വരാൻ. ഒരു ബന്ധത്തിന്റെ പുറത്താണ് കിലി പോള് അഭിനയിക്കാന് വന്നത്. ഈ പടത്തില് ഒരു പരിപാടിയുണ്ട്, അത് ചെയ്യാന് ഒരു സോഷ്യല് മീഡിയ ഇൻഫ്ലുവൻസർ തന്നെ വേണമായിരുന്നു. ആ കഥാപാത്രം അങ്ങനെയാണ്. അത് ചെയ്യാൻ നല്ലത് കിലി ആണെന്ന് തോന്നി.
സിനിമയിൽ കിലി പോൾ പാടുന്ന പാട്ടിനെക്കുറിച്ച്...
കാക്കേ കാക്കേ എന്ന പാട്ട് കിലി സിനിമയിൽ പാടിയിട്ടുണ്ട്. മംഗ്ലീഷിൽ എഴുതി കൊടുത്ത് റെക്കോർഡ് ചെയ്യുകയായിരുന്നു. അത് വളരെ രസകരമായ പരിപാടിയായിരുന്നു. സിനിമ മോഹമായി കൊച്ചിയിലേക്ക് എത്തിയ മനുഷ്യനാണ് ഞാൻ. തിരുവന്തപുരമാണ് സ്വദേശം. ആ സമയത്ത് ഒരുപാട് സിനിമകൾ എഴുതിയിരുന്നു. അന്ന് സിനിമയുടെ കഥ പറയുകയും അതൊക്കെ നടക്കാതെ പോക്കുകയും ചെയ്തിട്ടുണ്ട്. ശിഹാബ് കരുനാഗപ്പള്ളിയുടെയാണ് ഈ സിനിമയുടെ കഥ. അദ്ദേഹം കുറച്ചു നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു ഈ കഥ പിന്നെ നമ്മളും കൂടി ഇരുന്ന് വര്ക്ക് ചെയ്ത് സെറ്റ് ആക്കുകയായിരുന്നു. സിനിമ ചെയ്യാനുള്ള കരുത്ത് സ്ക്രിപ്റ്റ് തന്നെ ആയിരുന്നു. ഈ കാലഘട്ടത്തിൽ പറയാൻ പറ്റുന്ന കഥയാണ് സിനിമയുടേത്.
Content Highlights: Innocent Movie Director Satheesh Thanvi Interview