'പുണ്യാളന്‍ അഗര്‍ബത്തീസ് 2വിന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായില്ലെന്ന് പറഞ്ഞു, അതുകൊണ്ട് എന്നെ പടമാക്കി' | നൈല ഉഷ

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ജയസൂര്യക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതെന്ന് നൈല ഉഷ

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ജയസൂര്യക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതെന്ന് നൈല ഉഷ. രണ്ടാമത്തെ ചിത്രമായ പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യയായിരുന്നു നായകനെന്നും ആ ചിത്രം തനിക്ക് ഒരുപാട് പ്രശംസ സമ്മാനിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. പുണ്യാളന്റെ രണ്ടാം ഭാഗത്തില്‍ എന്തുകൊണ്ട് അഭിനയിച്ചില്ലെന്ന് ചോദ്യത്തോടും താരം പ്രതികരിച്ചു. മായന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു നൈല ഉഷ.

'ഈ സിനിമയിലേക്ക് വരുമ്പോള്‍ എന്റെ ഏറ്റവും വലിയ കംഫര്‍ട്ട്, സിനിമയിലെ എന്റെ ആദ്യത്തെ സുഹൃത്തായ ജയസൂര്യയാണ്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ഞങ്ങള്‍ ഒരുമിക്കുന്ന സിനിമയാണിത്. എന്റെ കഥാപാത്രത്തിന്റെ പേര് സിമി എന്നാണ്. ജയസൂര്യയെ കിട്ടുമ്പോള്‍ ഞാന്‍ ഒരിക്കലും ഡിഫറന്റ് ആയൊരു ഭാര്യ ആകത്തേയില്ല. വളരെയധികം സ്‌നേഹമുള്ള, മനസിലാക്കുന്ന, പുണ്യാളനില്‍ നിങ്ങള്‍ എങ്ങനെ കണ്ടുവോ, അതേ പോലെ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നൊരു ഭാര്യയായിട്ടാണ് ഈ സിനിമയിലും ഞാന്‍ അഭിനയിക്കുന്നത്'.

എന്തുകൊണ്ടാണ് പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാതിരുന്നതെന്ന ചോദ്യത്തിന് നൈല പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. 'നിങ്ങളത് ജയേട്ടനോട് ചോദിക്ക്. ജയേട്ടനോട് ചോദിച്ചാല്‍ എന്നോട് ചോദിക്കണ്ട, സിനിമയുടെ സംവിധായകനോട് ചോദിക്കാന്‍ പറയും. പുണ്യാളന്‍ അഗര്‍ബത്തീസ് 2വിന്റെ തിരക്കഥ ഞാന്‍ കേട്ടു, എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞതു കൊണ്ട് അവര്‍ എന്നെ പടമാക്കിയതാണ്', നൈല ഉഷ തമാശരൂപേണ പറഞ്ഞു.

അതേസമയം, കളങ്കാവലിന് ശേഷം ജിതിന്‍ കെ ജോസ് ഒരുക്കുന്ന ചിത്രമാണ് മായന്‍ ചാപ്റ്റര്‍ വണ്‍. മിസ്റ്ററി ഡാര്‍ക് ത്രില്ലറാണ് ചിത്രം. കറുത്തച്ചനൂട്ട് അടക്കമുള്ള തീമുകളിലൂടെയാണ് സിനിമ കഥ പറയുന്നത്. ആകാംഷയും ഉദ്വേഗമുണര്‍ത്തുന്ന ട്രെയിലറിലൂടെ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത, വിശ്വസിക്കാന്‍ പോലും പ്രയാസമുള്ള നിഗൂഢതകളുടെ ലോകത്തെയാണ്. ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയത്തിലേക്കും അവതരണത്തിലേക്കും പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്ന രീതിയാണ് ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 3ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.

Content Highlights: Nyla Usha funny talk about punyalan agarbathis 2

To advertise here,contact us