'എന്റെ ഒരു ബ്രേക്കപ്പിന് ശേഷം ഡിപ്രഷനിലായി ആ വേദന മറക്കാന്‍ സഹായിച്ചത് സായ് പല്ലവി'; അനുപമ പരമേശ്വരൻ

ജീവിതത്തിലെ വിഷമഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ സായ് പല്ലവി ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് അനുപമ പരമേശ്വരന്‍

തന്റെ ജീവിതത്തിലെ വിഷമഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ സായ് പല്ലവി ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് നടി അനുപമ പരമേശ്വരന്‍. ബ്രേക്കപ്പിനെ തുടര്‍ന്ന് ഡിപ്രഷനിലായിരിക്കുമ്പോള്‍ സായ് പല്ലവി തന്നെ സഹായിച്ചെന്നാണ് അനുപമ പറഞ്ഞത്. ഓണസ്റ്റ് ടൗണ്‍ ഹാളിന് നല്‍കിയ അഭിമുഖത്തിലാണ് അനുപമ ഇക്കാര്യം പറഞ്ഞത്.

'ആ സമയത്ത് എനിക്കൊരു ബ്രേക്കപ്പ് ഉണ്ടായി. ഹൃദയഭേദകമായിരുന്നു. ഞാന്‍ വല്ലാത്ത ഡിപ്രഷനിലായി. വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ഞാന്‍ അച്ഛന്റേയും അമ്മയുടേയും മുഖത്ത് നോക്കുക പോലുമില്ലായിരുന്നു. ഞാന്‍ സംസാരിക്കുന്നത് നിര്‍ത്തി. ആദ്യ ലോക്ക്ഡൗണ്‍ വന്നു. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് ഇറങ്ങി. രണ്ടാമത്തെ ലോക്ക്ഡൗണ്‍ ആയപ്പോള്‍ ഞാന്‍ പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ കുടുങ്ങി. പല്ലവിയും അവിടെ ഉണ്ടായിരുന്നു. എന്റെ മാനസികാവസ്ഥയെക്കുറിച്ച് ഞാന്‍ അവളുമായി സംസാരിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവള്‍ വന്നു, നാളെ ഞാനൊരു ഷൂട്ടിന് പോവുകയാണ്. നിക്ക് കളറും പേപ്പറുമൊക്കെ തരാം. ഞാന്‍ തിരിച്ചു വരുമ്പോഴേക്കും നീയൊരു പെയ്ന്റിങ് ചെയ്യണമെന്ന് പറഞ്ഞു. എനിക്ക് പറ്റില്ല, എനിക്ക് പെയ്ന്റിങ് അറിയില്ല എന്നൊക്കെ ഞാന്‍ പറഞ്ഞുവെങ്കിലും അവള്‍ ഒരു ഹോം വര്‍ക്ക് പോലെയാണ് എനിക്കത് തന്നത്', അനുപമ പറഞ്ഞു.

'അവള്‍ തിരികെ വരുമ്പോഴേക്കും ഞാനൊരു താമരയുടെ ചിത്രം പൂര്‍ത്തിയാക്കിയിരുന്നു. അത് ക്യൂട്ട് ആയിരുന്നു. ഞാനത് അവള്‍ക്ക് നല്‍കി. നീ കളര്‍ വെറുതെ സ്പ്ലാഷ് ചെയ്യുകയാകും ചെയ്യുക, തനിക്ക് അങ്ങനെ ചെയ്യുന്നത് തെറാപ്പ്റ്റിക് ആണെന്ന് അവള്‍ പറഞ്ഞു. നീ നന്നായി വരയ്ക്കുന്നുണ്ടെന്നും ഇനിയും പെയ്ന്റിങ് ചെയ്യണമെന്ന് അവള്‍ പറഞ്ഞു. അങ്ങനെ ഞാന്‍ പെയ്ന്റിങ് ആരംഭിച്ചു. അത് എന്നെ ആ വേദനയില്‍ നിന്നും പുറത്തുകടക്കാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്', അനുപമ കൂട്ടിച്ചേർത്തു.

Content Highlights: Anupama Parameshwaran talks about her depression phase and sai pallavi helped her out

To advertise here,contact us