'ഡെയ്ഞ്ചറസ് ഡാനി'; ബാച്ച്ലര്‍ പാര്‍ട്ടി Deux'-ലെ സൗബിന്റെ പോസ്റ്റര്‍ പുറത്ത്

കഴിഞ്ഞ ദിവസം നസ്‌ലന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരിന്നു

അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി Deux'- ലെ സൗബിന്‍ ഷാഹിറിന്റെ പോസ്റ്റര്‍ പുറത്ത്. സൗബിന്‍ അവതരിപ്പിക്കുന്ന ഡാനി എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. കയ്യില്‍ ഒരു തോക്കുമായി ചിരിച്ച് നില്‍ക്കുന്ന സൗബിനെ ആണ് പോസ്റ്ററില്‍ കാണാനാവുന്നത്. അടുത്തിടെ നടന്‍ ടൊവിനോ തോമസിന്റെയും നസ്ലന്റെയും പോസ്റ്ററുകള്‍ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. നവംബര്‍ 19 -നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

14 വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്‍ - സി വൈബിലാണ്, 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്. റെഡ്-ഗോള്‍ഡന്‍ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികള്‍ക്കിടയില്‍ കള്‍ട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതിനാല്‍ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്.

ഡുഎക്‌സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചില്‍ D'EUX എന്നാല്‍ രണ്ട് എന്നും 'അവരുടെ' അല്ലെങ്കില്‍ 'അവരെ കുറിച്ച്' എന്നുമാണ് അര്‍ത്ഥമാക്കുന്നത്. യങ് ജനറേഷന്‍ താരങ്ങളെയും മലയാളത്തിലെ മുന്‍നിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമല്‍ നീരദ് ഇത്തവണ വരുന്നത്.

നസ്ലന്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാര്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയന്‍, ജ്യോതിര്‍മയി, ഹന്‍സിക കൃഷ്ണകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണം: ഉണ്ണി ആര്‍, സൗണ്ട് ഡിസൈന്‍: തപസ് നായക്, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കല്‍, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Soubin's poster from 'Bachelor Party Deux' has been released. Naslen's character poster was released just the other day.

To advertise here,contact us