തമിഴ് സമൂഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ഡബ്ബിങ് കലാകാരിയും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. തനിക്ക് ലഭിച്ച ഒരു ഇമെയിലിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വീഡിയോയിലൂടെയാണ് മലയാളികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവണതകളെ അവർ തുറന്നുകാട്ടിയത്. വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയതിനൊപ്പം തമിഴ് ജനതയോട് ഭാഗ്യലക്ഷ്മി പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തു.
‘‘ആരോടോ ഉള്ള ദേഷ്യം കൊണ്ട് തമിഴ് സമൂഹത്തെ അപമാനിക്കാതിരിക്കു. അഭിപ്രായം പറയുക എന്നാൽ തെറി വിളിക്കുക എന്ന് കരുതുന്ന ചില മനുഷ്യരുണ്ട് സോഷ്യൽ മീഡിയയിൽ. അവർ കാരണം ചീത്തപ്പേര് മലയാളി സമൂഹത്തിനും. തമിഴ് ജനതയോട് മാപ്പ്.’’ എന്ന കുറിപ്പോടെയാണ് ഭാഗ്യലക്ഷ്മി വീഡിയോ പങ്കുവച്ചത്.‘‘നമസ്കാരം. വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. എനിക്കൊരു ഇമെയിൽ ലഭിക്കുകയുണ്ടായി. ഓഗസ്റ്റ് 27-നാണ് ആ മെയിൽ വന്നതെങ്കിലും ഇന്നലെയാണ് ഞാൻ അത് ശ്രദ്ധിക്കുന്നത്.
അത് നമ്മുടെ നടൻ ലാലു അലക്സിനുള്ള ഒരു മെയിലാണ്. അബിനേഷ് എന്നയാളാണ് അത് അയച്ചിരിക്കുന്നത്. അബിനേഷ് ആ മെയിൽ ലാലു അലക്സിനും ‘അമ്മ’ സംഘടനയ്ക്കും എനിക്കുമാണ് ഫോർവേഡ് ചെയ്തിരിക്കുന്നത്. ഇതിന്റെ സ്ക്രീൻഷോട്ട് ഞാൻ ഇവിടെ ചേർക്കാം. സിനിമയിലെ ഒരു ഡയലോഗുമായി ബന്ധപ്പെട്ട് തനിക്കുള്ള ശക്തമായ ആശങ്കയും പ്രതിഷേധവും അറിയിക്കാനാണ് അദ്ദേഹം മെയിൽ അയച്ചിരിക്കുന്നത്. ‘പാണ്ടി കരിമ്പാറ’ എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ ചില മലയാളി പ്രേക്ഷകർ തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കാനും ലക്ഷ്യമിടാനും ഉപയോഗിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇതിൽ കുറച്ചുകൂടി കാര്യങ്ങളുണ്ട്.
തമിഴ് എന്ന വാക്കോ തമിഴുമായ ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങളോ കേൾക്കുമ്പോൾ നമ്മൾ മലയാളികൾ അവരെ വളരെ മോശമായ രീതിയിലാണ് അഭിസംബോധന ചെയ്യുന്നതെന്നാണ് അദ്ദേഹത്തിന്റെ സങ്കടം. ഇതിനോടൊപ്പം ചില സ്ക്രീൻഷോട്ടുകളും അദ്ദേഹം അയച്ചിട്ടുണ്ട്. പലരും ഇട്ടിരിക്കുന്ന കമന്റുകൾ വായിക്കാൻ പോലും കഴിയാത്തത്ര മോശമാണ്. നടൻ ജയറാമിന്റെ ഒരു അഭിമുഖത്തിന് താഴെ വന്ന കമന്റുകളാണ് ഇവയെന്നാണ് അദ്ദേഹം പറയുന്നത്. ആ സ്ക്രീൻഷോട്ടുകൾ എനിക്ക് ഇവിടെ കാണിക്കാൻ പോലും കഴിയില്ല, അത്രയധികം മോശം ഭാഷയാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്. അയച്ചയാൾ തന്നെ ചില വാക്കുകൾ ഡാഷുകൾ ഇട്ടാണ് സെൻസർ ചെയ്തിരിക്കുന്നത്.
യഥാർഥത്തിൽ ഇത് വളരെ മോശമായ ഒരു കാര്യമല്ലേ? ഉയർന്ന സാംസ്കാരിക ബോധമുള്ളവരാണ് നമ്മൾ മലയാളികൾ എന്ന് നമ്മൾ എപ്പോഴും അഹങ്കരിക്കാറുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ നമ്മുടെ ആ സംസ്കാരം വലിയ തോതിൽ താഴേക്ക് പതിക്കുകയാണെന്നാണ് ഏവരും നിരീക്ഷിക്കുന്നത്. അവർ നമ്മുടെ അയൽസംസ്ഥാനമല്ലേ? മലയാളി സമൂഹത്തോട് അവർക്ക് എപ്പോഴും വലിയ ബഹുമാനമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കുറച്ചുപേർ കാരണം ആ ബഹുമാനമാണ് നമുക്ക് നഷ്ടപ്പെടുന്നത്.
അദ്ദേഹം എന്തിനാണ് ഈ മെയിൽ എനിക്ക് അയച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ ‘അമ്മ’ സംഘടനയിലെ ഒരു അംഗമാണെന്ന് അദ്ദേഹം കരുതിയതാണോ എന്നും അറിയില്ല. എനിക്ക് അദ്ദേഹത്തിന് മറുപടി അയക്കാനും കഴിയില്ല, കാരണം അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു മറുപടി നൽകാൻ എനിക്ക് സാധിച്ചില്ല.അതുകൊണ്ട് അദ്ദേഹത്തിന് വേണ്ടി ഞാൻ ഇത് നമ്മുടെ സമൂഹത്തോട്, മലയാളി സമൂഹത്തോട് സംസാരിക്കാം എന്ന് കരുതി. നമ്മൾ എന്തിനാണ് ഇങ്ങനെയുള്ള ഭാഷ ഉപയോഗിക്കുന്നത്? അവർ എന്ത് തെറ്റാണ് ചെയ്തത്? ലാലു അലക്സിന്റെ കാര്യം എടുത്താൽ, സിനിമയിൽ തനിക്ക് നൽകിയ ഡയലോഗുകൾ പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്.
അതുകൊണ്ട് സിനിമാ എഴുത്തുകാരും അഭിനേതാക്കളും ഉൾപ്പെടെ എല്ലാവരും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. അതോടൊപ്പം തന്നെ, സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇടുന്ന നമ്മളും ഈ വിഷയത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഞാൻ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്ന് കരുതിയായിരിക്കും അദ്ദേഹം എനിക്ക് മെയിൽ അയച്ചത്, അതുകൊണ്ടാണ് ഞാൻ ഇത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്.’’
Content Highlights: Bhagyalakshmi spoke against racist remarks in movies and publicly apologized to the Tamil people. She addressed the issue and expressed regret over remarks that could offend the Tamil community.