ദുൽഖറിന്റെ അടുത്ത ബ്ലോക്ക് ബസ്റ്റർ ലോഡിങ്... ഹിറ്റടിക്കുമെന്ന് ഉറപ്പ് നൽകി ജി വി പ്രകാശ് കുമാർ

'ആകാശംലോ ഒക താര' ചിത്രം കണ്ടതിന് ശേഷമാണ് ജി വി പ്രകാശ് കുമാർ തന്റെ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം "ആകാശംലോ ഒക താര"യ്ക്ക് അഭിനന്ദനവുമായി ദേശീയ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാർ. ചിത്രം കണ്ടതിന് ശേഷമാണ് ജി വി പ്രകാശ് കുമാർ തന്റെ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിത്രം ഗംഭീരമായി വന്നിട്ടുണ്ട് എന്നാണ് അദ്ദേഹം കുറിച്ചത്. ചിത്രത്തെ കുറിച്ചുള്ള ജി വി പ്രകാശിന്റെ വാക്കുകൾ ആരാധകർക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന, "ആകാശംലോ ഒക താര" തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത് പുതുമുഖം സാത്വിക വീരവല്ലിയാണ്.

ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ ജി വി പ്രകാശ് കുമാറിന്റെ, ചിത്രത്തെ കുറിച്ചുള്ള ഈ നല്ല വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ചിത്രം റിലീസിന് മുമ്പ് തന്നെ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. അതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള പ്രതികരണമാണ് ചിത്രം കണ്ടതിന് ശേഷം സംഗീത സംവിധായകനിൽ നിന്നുമുണ്ടായിരിക്കുന്നത്. നേരത്തെ ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ, ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന, ചിത്രത്തിലെ "കുട്ടി കുട്ടി പൂവേ" എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു.

ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയവും അവരുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്ന സൂചനകളും ഗാനത്തിലൂടെ ലഭിച്ചിരുന്നു. ഗാനത്തിലെ ദൃശ്യങ്ങൾക്കൊപ്പം അതിന്റെ മേക്കിങ് ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. ചിത്രത്തിലെ കൃഷ്ണ എന്ന കഥാപാത്രമായെത്തുന്ന ദുൽഖർ സൽമാന്റെ ലുക്കും നേരത്തെ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നൂതന ശൈലിയിലുള്ള കഥപറച്ചിലിനും അതുല്യമായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട പവൻ സാദിനേനി ഒരുക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ "ആകാശംലോ ഒക താര"യ്ക്കായി കാത്തിരിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രമായെത്തുന്നത്.

മഹാനടി, സീത രാമം, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, പ്രഭാസിൻ്റെ കൽക്കി 2898AD എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു അതിഥി വേഷം ചെയ്തിരുന്നു. അതിന് ശേഷം ദുൽഖർ അഭിനയിച്ച തെലുങ്ക് ചിത്രമാണ് "ആകാശംലോ ഒക താര". ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി "ആകാശം ലോ ഒക താര" പ്രദർശനത്തിന് എത്തും.

രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവൻ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, എഡിറ്റർ - പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ - ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ - സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ - യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം - ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം - ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ - പല്ലവി സിംഗ്, കലാസംവിധാനം - വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ - സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ - അനിൽ ഭാനു, വിഎഫ്എക്സ് - എഗ്വൈറ്റ് വിഎഫ്എക്സ്, Vfx സൂപ്പർവൈസർ - തൗഫീഖ് ഹുസൈൻ, കളറിസ്റ്റ് - ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്- സായ് ശശാങ്ക്, മാർക്കറ്റിംഗ് - വാൾസ് ആൻഡ് ട്രെൻഡ്സ്.

Content Highlights:  G V Prakash Kumar congratulated the team of Aakasamlo Oka Tara and expressed confidence in Dulquer Salmaan’s performance. He said Dulquer will deliver a blockbuster with the upcoming film.

To advertise here,contact us