തിയേറ്റർ പ്രദർശനത്തിന് ശേഷം നിരവധി ചിത്രങ്ങളാണ് ഈ മാസം ഒടിടിയിൽ എത്തുന്നത്. മലയാളം മുതൽ തമിഴ് വരെ ആക്ഷൻ, സൈക്കോളജിക്കൽ ത്രില്ലർ, ഡ്രാമ തുടങ്ങിയ വ്യത്യസ്ത സിനിമകൾ ഈ ലിസ്റ്റിലുണ്ട്. ആക്ഷൻ ഇഷ്ടപ്പെടുന്നവർക്ക് 'DC', മലയാളത്തിലെ ത്രില്ലർ പ്രേക്ഷകർക്ക് 'ഉന്മാദം', പീരിയഡ് പശ്ചാത്തലത്തിലുള്ള ആക്ഷൻ കഥകൾ ഇഷ്ടപ്പെടുന്നവർക്ക് 'അനന്തൻ കാട്' മൂന്ന് സിനിമകളും വ്യത്യസ്ത അനുഭവങ്ങളാണ് നൽകുന്നത്.
'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന മലയാള ചിത്രം 'അനന്തൻ കാട്' സെപ്റ്റംബർ രണ്ടാം തീയതി മനോരമ മാക്സിൽ കാണാം. ജൂൺ 25 നാണ് സിനിമ തിയേറ്ററിൽ എത്തിയത്. ആര്യ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.
നായകനായി അരങ്ങേറിയ ചിത്രത്തിലൂടെയും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് ലോകേഷ് കനഗരാജ്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി' മികച്ച പ്രതികരണമാണ് തിയേറ്ററിൽ നേടിയിരുന്നത്. സിനിമ ആഗോളതലത്തിൽ 100 കോടി കളക്ഷൻ സ്വന്തമാക്കി. സെപ്റ്റംബർ നാലാം തീയതി സൺ നെക്സ്റ്റിൽ കാണാം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം ലഭ്യമാവും. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്ഘ്യം.
കുഞ്ചാക്കോ ബോബനെ നായകനാക്കി കിരൺ ദാസ് സംവിധാനം ചെയ്ത 'ഉന്മാദം' സിനിമ സോണി ലിവിൽ സെപ്റ്റംബർ നാലാം തീയതി തന്നെ സ്ട്രീമിങ് ആരംഭിക്കും. ലിജോ മോൾ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ഷാഹി കബീർ തിരക്കഥയൊരുക്കിയ ചിത്രത്തിന് ആദ്യ ദിവസം മുതൽ മികച്ച പ്രേക്ഷക- പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. എഡിറ്ററായ കിരൺ ദാസാണ് ചിത്രം സംവിധാനം ചെയ്തത്. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Content Highlights: Dc, Unmadham, Ananthan Kaadu movies releasing in ott platforms